ഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസില്‍ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പിന്തുണയുമായി വാക്കത്തോൺ സംഘടിപ്പിച്ച് ആം ആദ്‌മി പാർട്ടി. ഡൽഹിയിലെ സിആർ പാർക്കിൽ നിന്നാണ് ‘വാക്ക് ഫോർ കെജ്‌രിവാൾ’ എന്ന പേരിൽ വാക്കത്തോൺ ആരംഭിച്ചത്. 'ജയിൽ കാ ജവാബ് വോട്ട് സേ' എന്ന മുദ്രാവാക്യത്തോടുകൂടി കെജ്‌രിവാളിൻ്റെ ഫോട്ടോ പതിച്ച പതാകയുമായാണ് വാക്കത്തോണിൽ പങ്കെടുക്കാൻ എഎപി അനുഭാവികൾ എത്തിയത്.
"അരവിന്ദ് കെജ്‌രിവാളിന് പിന്തുണ അറിയിച്ചാണ് ഡൽഹിയിലെ ജനങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. കെജ്‌രിവാളിനെ ജയിലിലടച്ചാൽ എഎപിയ്ക്ക് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ സാധിക്കില്ലെന്നാണ് ബിജെപി കരുതിയത്. എന്നാൽ കെജ്‌രിവാളിനായി ഡൽഹി ജനത പ്രചാരണം നടത്തുന്നു" - ഡൽഹി മന്ത്രിയും എഎപി നേതാവുമായ അതിഷി പറഞ്ഞു.
പാർട്ടി നേതാവ് സൗരഭ് ഭരദ്വാജും പ്രതികരിച്ചു. ദക്ഷിണ ഡൽഹിയിലേയും ന്യൂഡൽഹിയിലേയും ലോക്‌സഭ സ്ഥാനാർഥികളും ആം ആദ്‌മി പാർട്ടിയുടെ യുവജന വിഭാഗവും 'ജയിൽ കാ ജവാബ് വോട്ട് സേ' എന്ന പേരിൽ ക്യാമ്പെയ്‌ന്‍ നടത്തി വരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വളരെ പരിഭ്രാന്തനാണ്. തൻ്റെ തെരഞ്ഞെടുപ്പ് റാലികളിലെ നിലപാട് മാറ്റം പ്രതിപക്ഷം അധികാരത്തിലെത്തുമെന്ന് അദ്ദേഹം പോലും വിശ്വസിക്കുന്നതുകൊണ്ടാണെന്നും ഭരദ്വാജ് പറഞ്ഞു.
Also Read:പ്രായോഗിക പ്രശ്‌നം, നിയമപരമല്ല: കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി
അതേസമയം മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട അറസ്‌റ്റിൽ ഹൈക്കോടതി ഉത്തരവിനെതിരെ അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റ് ചെയ്‌തതിനെ ചോദ്യം ചെയ്‌തുള്ള അദ്ദേഹത്തിൻ്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഇഡി അറസ്റ്റിനെതിരായ കെജ്‌രിവാളിൻ്റെ ഹർജി ഡൽഹി ഹൈക്കോടതി ചൊവ്വാഴ്‌ചയായിരുന്നു തള്ളിയത്.