ന്യൂഡല്‍ഹി: ആം ആദ്‌മി സർക്കാർ 'രാമരാജ്യം' എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തലസ്ഥാനത്തെ ജനങ്ങൾക്ക് വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുമെന്ന് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഡൽഹി സർക്കാരിന്‍റെ കല, സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച ത്രിദിന രാംലീല പരിപാടിയിലാണ് കെജ്‌രിവാളിന്‍റെ പരാമര്‍ശം. 'ശ്രീരാമന്‍റെ ഭരണം രാമരാജ്യമായി കണക്കാക്കപ്പെടുന്നു. ഞങ്ങൾ രാമരാജ്യം എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആം ആദ്‌മി സർക്കാരിനെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കും,' അദ്ദേഹം പറഞ്ഞു.
രാമരാജ്യം എന്നാല്‍ എല്ലാവര്‍ക്കും വിദ്യാഭ്യാസവും ആരോഗ്യവുമാണ്. രാജ്യത്ത് ഒരു കുട്ടിക്ക് പോലും വിദ്യാഭ്യാസം നിഷേധിക്കരുതെന്നും എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ കൂടി നല്‍കുന്നതാണ് രാമരാജ്യമെന്ന ആശയമെന്നും ആംആദ്‌മി കണ്‍വീനര്‍ കൂടിയായ കെജ്‌രിവാള്‍ വ്യക്തമാക്കി. ഡൽഹിയിലെ ജനങ്ങളെ സേവിക്കുന്നതിനായി ആംആദ്‌മി പാർട്ടി രാമരാജ്യത്തിന്‍റെ തത്വങ്ങളാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിൽ നടന്ന രാംലീല പരിപാടിയിലാണ് കെജ്‌രിവാളിന്‍റെ പ്രതികരണം.
ശ്രീരാമന്‍റെ നീതി, സമത്വം, സേവനം എന്നീ ആശയങ്ങൾ എല്ലാവരും അനുകരിക്കണമെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഭാരതീയ-ഹിന്ദു സംസ്‌കാരത്തിന്‍റെ അന്തസത്ത പ്രതിഫലിപ്പിക്കുന്നതിന് വേണ്ടി ശ്രീരാമന്‍റെ ജീവിതത്തിൽ നിന്ന് നാം പാഠങ്ങൾ ഉൾക്കൊള്ളണം. രാംലീല പോലുള്ള പരിപാടികൾ നിര്‍ബന്ധമായും സംഘടിപ്പിക്കണം. ഈ സാംസ്‌കാരിക പൈതൃകം നമ്മുടെ കുട്ടികൾക്ക് കൂടി കൈമാറേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.