ഛിന്ദ്‌വാര(മധ്യപ്രദേശ്): പഠിക്കേണ്ട കാലത്ത് ആ മനുഷ്യന്‍ പള്ളിക്കൂടത്തിന്‍റെ പടിവാതില്‍ പോലും കണ്ടിട്ടില്ല. എന്നാല്‍ ലോകത്തെ പല രാജ്യങ്ങളിലും താന്‍ ആയൂര്‍വേദ ചികിത്സ നടത്തിയിട്ടുണ്ടെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. പല ഉന്നതരെയും ചികിത്സിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഡോ.പ്രകാശ് ഇന്ത്യന്‍ ടാറ്റയെ നമുക്ക് പരിചയപ്പെടാം. മെഗാസ്‌റ്റാര്‍ അമിതാഭ് ബച്ചന്‍, പല രാഷ്‌ട്രീയ നേതാക്കള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യവസായികള്‍, ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യ തുടങ്ങിയവരെ ചികിത്സിച്ച് രോഗം ഭേദമാക്കിയിട്ടുണ്ടെന്നാണ് ഈ ഡോക്‌ടര്‍ അവകാശപ്പെടുന്നത്.
അഞ്ചാം വയസില്‍ ആയൂര്‍വേദം പഠിച്ചു
പഠിക്കാനായി താന്‍ പള്ളിക്കൂടത്തിലേ പോയിട്ടില്ലെന്ന് ഡോ.പ്രകാശ് ഇന്ത്യന്‍ ടാറ്റ പറയുന്നു. കാരണം അഞ്ചാം വയസ് മുതല്‍ താന്‍ അമര്‍ കാന്തക്കിലെ തന്‍റെ ഗുരുവിന്‍റെ ആശ്രമത്തിലായിരുന്നു. ഇരുപത് വര്‍ഷത്തോളം പച്ചമരുന്നുകളുപയോഗിച്ച് ചികിത്സിക്കാന്‍ പഠിച്ചു. അങ്ങനെ ആയൂര്‍വേദത്തെ മനസിലാക്കി. പിന്നീട് ഛിന്ദ്‌വാരയിലെ കൊയലാഞ്ചലില്‍ നാലിടത്ത് സ്വന്തമായി ആശുപത്രികള്‍ തുടങ്ങി. പാതല്‍കോട്ടിൽ ആയൂര്‍വേദ മരുന്നുകളുപയോഗിച്ച് ചികിത്സ തുടങ്ങി.
ലോകമെമ്പാടും താന്‍ ചികിത്സ നടത്തിയിട്ടുണ്ടെന്ന് ഡോ. പ്രകാശ് ഇന്ത്യന്‍ ടാറ്റ പറയുന്നു. ജൂലൈയില്‍ താന്‍ അമേരിക്കയിലേക്ക് പോകും. അവിടെ ചിലരെ ചികിത്സിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ചലച്ചിത്ര രംഗത്തുള്ള അമിതാഭ് ബച്ചനടക്കം പല അതികായരും തന്‍റെ അടുത്ത് ചികിത്സ തേടിയെത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ലോകത്തെ പല രാജ്യങ്ങളിലെയും രാഷ്‌ട്രീയ നേതാക്കളും വ്യവസായികളും തന്‍റെ അനുയായികളാണെന്ന് ഇദ്ദേഹം പറയുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടെ കാലിന് ഒരു കുഴപ്പം പറ്റിയപ്പോള്‍ ലോകത്തെ പല ഡോക്‌ടര്‍മാരും അത് പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു. ആ സമയത്താണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീന്‍ അദ്ദേഹത്തോട് ഡോ. പ്രകാശിനെക്കുറിച്ച് പറയുന്നത്. തുടര്‍ന്ന് ഡോക്‌ടര്‍ ശ്രീലങ്കയിലേക്ക് പോയി അദ്ദേഹത്തെ ചികിത്സിച്ച് ഭേദമാക്കി.