കേരളം

kerala

ETV Bharat / bharat

യുപിഐ പണമിടപാട് മുതല്‍ ട്രെയിൻ ടിക്കറ്റ് ബുക്കിങ് വരെ; ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന 6 സുപ്രധാന മാറ്റങ്ങള്‍ നിങ്ങള്‍ അറിഞ്ഞോ?

യുപിഐ ലൈറ്റ് പണമിടപാടുകളുടെ പരിധി വര്‍ധിപ്പിക്കല്‍, എസ്‌ബിഐ ഐസിഐസിഐ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡിലെ ഫീസ് വര്‍ധനവ്, ആർബിഐയുടെ പുതിയ പണമിടപാട് നിയമങ്ങള്‍, പുതിയ ട്രെയിൻ ടിക്കറ്റ് ബുക്കിങ് നിയമം ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ നിലവില്‍ വന്നു.

6 MAJOR CHANGES FROM NOV 1  MONEY TRANSFER CREDIT CARD  UPI PAYMENT RBI  FDS LPG PRICES
Representative image (Etv Bharat)

By ETV Bharat Kerala Team

Published : 5 hours ago

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ ഇന്ന് മുതല്‍ ബാധിക്കുന്ന സുപ്രധാന മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ട്രെയിൻ ടിക്കറ്റ് ബുക്കിങ് മുതല്‍ യുപിഐ പണമിടപാട് വരെ പ്രധാന മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വന്നത്. യുപിഐ ലൈറ്റ് പണമിടപാടുകളുടെ പരിധി വര്‍ധിപ്പിക്കല്‍, എസ്‌ബിഐ ഐസിഐസിഐ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡിലെ ഫീസ് വര്‍ധനവ്, ആർബിഐയുടെ പുതിയ ആഭ്യന്തര പണമിടപാട് നിയമങ്ങള്‍, പുതിയ ട്രെയിൻ ടിക്കറ്റ് ബുക്കിങ് നിയമം, വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധനവ് ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ നിലവില്‍ വന്നു.

1. ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വർധിപ്പിച്ച് ആര്‍ബിഐയുടെ പുതിയ നിയമം

ആഭ്യന്തര പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡൊമസ്റ്റിക് മണി ട്രാൻസ്‌ഫര്‍ നിയമം ഇന്ന് മുതൽ നടപ്പിലായി. യുപിഐ ലൈറ്റിന്‍റെ ഒറ്റ ഇടപാട് പരിധി 500 രൂപയിൽ നിന്ന് 1000 രൂപയാക്കി വര്‍ധിപ്പിച്ചു. യുപിഐ ലൈറ്റ് വാലറ്റ് പരിധി 2,000 രൂപയിൽ നിന്ന് 5,000 രൂപയാക്കി.

ബാങ്കിങ് ഔട്ട്‌ലെറ്റുകളുടെ ലഭ്യത, ഫണ്ട് കൈമാറ്റത്തിനുള്ള പേയ്‌മെന്‍റ് സംവിധാനങ്ങളിലെ അപ്‌ഡേഷൻ, കെവൈസി ആവശ്യകതകൾ നിറവേറ്റുന്നതിനുള്ള എളുപ്പ മാര്‍ഗങ്ങള്‍, ഫണ്ട് കൈമാറ്റത്തിനുള്ള ഒന്നിലധികം ഡിജിറ്റൽ ഓപ്ഷനുകള്‍ എന്നിവ പുതിയ ആര്‍ബിഐ നിയമപ്രകാരം പ്രാബല്യത്തില്‍ വന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2. മുൻകൂർ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിനുള്ള സമയപരിധിയില്‍ മാറ്റം

മുൻകൂർ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിനുള്ള സമയപരിധി 120 ദിവസത്തിൽ നിന്നും 60 ആയി കുറച്ചു കൊണ്ടുള്ള റെയിൽവേയുടെ തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തില്‍ വന്നു. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്‌ത യാത്രക്കാരെ ഇത് ബാധിക്കില്ല. ട്രെയിൻ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്ന ദിവസത്തിന് 60 ദിവസം മുന്‍പ് മാത്രമായിരിക്കും ഇനി മുതല്‍ യാത്രക്കാര്‍ക്ക് മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക.

നേരത്തെ, 120 ദിവസത്തിന് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നു. പകല്‍ സമയങ്ങളില്‍ ഓടുന്ന താജ്‌ എക്‌സ്‌പ്രസ്, ഗോമതി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളെയും നിയമം ബാധിക്കില്ല. കൂടാതെ, ടൂറിസ്റ്റുകള്‍ക്കായുള്ള ബുക്കിങ് കാലാവധി 365 ദിവസമായി തന്നെ തുടരുമെന്നും റെയില്‍വേ അറിയിച്ചു.

3. എസ്ബിഐ ക്രെഡിറ്റ് കാർഡിലെ സുപ്രധാന മാറ്റങ്ങള്‍

ഇന്ന് മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കുള്ള യൂട്ടിലിറ്റി ബിൽ പേയ്‌മെന്‍റുകളെയും ഫിനാൻസ് ചാർജുകളെയും ബാധിക്കുന്ന സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തില്‍ വന്നു. സെക്യൂരിറ്റി ഡെപ്പോസിറ്റ് ആവശ്യമില്ലാത്ത ക്രെഡിറ്റ് കാർഡുകളുടെ പ്രതിമാസ ഫിനാൻസ് ചാർജ് 3.75 ശതമാനമായി വർധിപ്പിച്ചിട്ടുണ്ട്. ഒരു ബില്ലിങ് കാലയളവിൽ എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തിയ യൂട്ടിലിറ്റി പേയ്മെന്റുകളുടെ ആകെ തുക 50,000 രൂപയിൽ കൂടുതലാണെങ്കിൽ ഒരു ശതമാനം സർചാർജ് ഈടാക്കുമെന്നും 50,000 രൂപയിൽ താഴെയാണെങ്കിൽ നിലവിലെ സ്ഥിതി തുടരുമെന്നും എസ്‌ബിഐ അറിയിച്ചു.

4. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിലെ മാറ്റങ്ങൾ

ഐസിഐസിഐ ക്രെഡിറ്റ് കാർഡിന്‍റെ ഫീസ് ഇനങ്ങളിലും റിവാർഡ് പ്രോഗ്രാമിലും സുപ്രധാന മാറ്റങ്ങള്‍ വരുത്തി. ഇന്ന് മുതല്‍ ഇൻഷുറൻസ്, ഷോപ്പിങ്, എയർപോർട്ട് ലോഞ്ച് ആക്‌സസ്, ഇന്ധന സർചാർജ് ഒഴിവാക്കൽ, വൈകി പേയ്‌മെന്‍റ് ഫീസ് ഉള്‍പ്പെടെയുള്ള സേവനങ്ങളെ ബാധിക്കുന്ന മാറ്റങ്ങള്‍ നിലവില്‍ വന്നു.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്ന സ്‌പാ ആനുകൂല്യങ്ങൾ നിർത്തലാക്കി, 100,000 രൂപയ്ക്ക് മുകളിലുള്ള ഇന്ധന സർചാർജ് ഒഴിവാക്കലും നിർത്തലാക്കി. സർക്കാർ ഇടപാടുകൾക്ക് നല്‍കുന്ന റിവാർഡ് പോയിന്‍റുകള്‍ നിര്‍ത്തലാക്കി, വാർഷിക ഫീസിന് പരിധി കൊണ്ടുവന്നു, തേര്‍ഡ് പാര്‍ട്ടി വഴിയുള്ള വിദ്യാഭ്യാസ പേയ്‌മെന്‍റുകള്‍ക്ക് ഇനി ഒരു ശതമാനം ഫീസ് നല്‍കണം. ഇതിനുപുറമെ, വൈകിയ പേയ്‌മെന്‍റ് നിരക്കുകൾ പരിഷ്‌കരിച്ചു.

5. ഇന്ത്യൻ ബാങ്കിലെ സ്ഥിരനിക്ഷേപത്തില്‍ വൻ മാറ്റം

ഇന്ത്യൻ ബാങ്ക് സ്പെഷ്യൽ ഡെപോസിറ്റ് നിക്ഷേപിക്കാനുള്ള അവസാന തീയതി 2024 നവംബർ 30 ആണ്. ഇൻഡ് സൂപ്പർ 300 പദ്ധതി പ്രകാരം സാധാരണക്കാർക്ക് 7.05 ശതമാനം, മുതിർന്നവർക്ക് 7.55 ശതമാനം, സൂപ്പർ സീനിയർ സിറ്റിസൺസിന് 7.80 ശതമാനം പലിശ ലഭിക്കും. 400 ദിവസത്തേക്കുള്ള സ്‌കീം അനുസരിച്ച് സാധാരണക്കാർക്ക് 7.25 ശതമാനവും മുതിർന്നവർക്ക് 7.75 ശതമാനവും സൂപ്പർ സീനിയർ പൗരന്മാർക്ക് 8.00 ശതമാനവും പലിശനിരക്ക് ലഭിക്കും. ഒരു ലക്ഷം മുതൽ 3 കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ ലഭിക്കുമെന്നും ഇന്ത്യൻ ബാങ്ക് അറിയിച്ചു.

6. വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിച്ചു

രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്‍റെ വില ഇന്ന് മുതല്‍ വര്‍ധിച്ചു. 19 കിലോ സിലിണ്ടറിന് 61 രൂപയാണ് വർധിച്ചത്. IOCL കണക്കുകൾ പ്രകാരം ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ വില ഇന്ന് മുതൽ 1802 രൂപയായി. കൊൽക്കത്തയിൽ ഗ്യാസ് സിലിണ്ടറിന്‍റെ വില നിലവില്‍ 1911.50 രൂപയാണ്. മുംബൈയിൽ നിലവിൽ ഗ്യാസ് സിലിണ്ടർ വില 1754.50 രൂപയും ചെന്നൈയിൽ 1964.00 രൂപയുമാണ് ഇന്നത്തെ വില.

Read Also:'മോദി തെരഞ്ഞെടുപ്പില്‍ ജയിക്കുന്നത് തട്ടിപ്പിലൂടെ'; ഇവിഎമ്മിനെതിരെ തുറന്നടിച്ച് ഖാർഗെ

ABOUT THE AUTHOR

...view details