ഹൈദരാബാദ്:തെലങ്കാനയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. മുളുഗു ജില്ലയിൽ ഇന്ന് (ഡിസംബർ 4) രാവിലെ 7.27നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഓഫ് സീസ്മോളജി (എൻസിഎസ്) റിപ്പോർട്ട് ചെയ്തു.
തെലങ്കാനയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് അധികൃതര്‍ അറിയിച്ചു. ഖമ്മം, കരിംനഗർ, വാറംഗൽ, ഹനംകൊണ്ട തുടങ്ങിയ ജില്ലകളിലും ഹൈദരാബാദിന്റെ ചില പ്രാന്തപ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
അതേസമയം, ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ ചില പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായി. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഗോദാവരി നദീതീരമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഭൂചലനത്തിൽ ആളപായവും നാശനഷ്ടങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.