ചെന്നൈ: തമിഴ്‌നാട്ടില്‍ രേഖകളില്ലാത്ത 4 കോടി രൂപയുമായി മൂന്ന് പേര്‍ പിടിയില്‍. തെരഞ്ഞെടുപ്പ് പ്രമാണിച്ച് പ്രത്യേക തെരഞ്ഞെടുപ്പ് നിരീക്ഷണ സേന നടത്തിയ പരിശോധനയിലാണ് നെല്ലൈ എക്‌സ്പ്രസ് ട്രെയിനില്‍ നിന്ന് മൂന്ന് പേര്‍ പണവുമായി പിടിയിലായത്. സതീഷ്, നവീൻ, പെരുമാൾ എന്നിവരാണ് പണവുമായി പിടിയിലായതെന്ന് അതികൃതര്‍ അറിയിച്ചു. തിരുനെൽവേലിയിലെ ബിജെപി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രനാണ് തങ്ങളുടെ ബോസ് എന്നാണ് സംഘം വെളിപ്പെടുത്തിയത്.
ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നിരീക്ഷണ സേന വിവിധ സ്ഥലങ്ങളിലായി വാഹന പരിശോധന നടത്തുന്നുണ്ട്. മതിയായ രേഖകളില്ലാതെ കൈവശം വെക്കുന്ന 50,000 രൂപയ്ക്ക് മുകളിലുള്ള പണം തെരഞ്ഞെടുപ്പ് ഫ്‌ളയിങ്ങ് സ്‌ക്വാഡ് കണ്ടുകെട്ടും.
താംബരം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് തീവണ്ടി മാർഗം പണം കടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതനുസരിച്ച് താംബരം റെയിൽവേ സ്‌റ്റേഷനിലെ എല്ലാ ട്രെയിനുകളിലും പൊലീസ് പരിശോധന നടത്തി. പരിശോധനയിൽ നെല്ലൈ എക്‌സ്പ്രസ് ട്രെയിനിന്‍റെ എസി കോച്ചില്‍ സംശയാസ്‌പദമായി 3 പേരെ ഫ്ലയിങ്ങ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ ബാഗുകളില്‍ നിന്ന് 4 കോടി രൂപ കണ്ടെടുത്തു. 6 ബാഗുകളിലായാണ് പണം കടത്തിയിരുന്നത്. ചോദ്യം ചെയ്യലില്‍ പരസ്‌പര വിരുദ്ധമായ മറുപടികളാണ് ഇവര്‍ നല്‍കിയത്.
തിരുനെൽവേലിയിലെ ബിജെപി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രനാണ് തന്‍റെ ബോസെന്നും നൈനാർ നാഗേന്ദ്രന്‍റെ പുരശൈവകത്തെ ബ്ലൂ ഡയമണ്ട് ഹോട്ടലിന്‍റെ മാനേജരാണ് താനെന്നും പ്രതികളിലൊരാളായ സതീഷ് മൊഴി നല്‍കി. കൂട്ടത്തിലുണ്ടായിരുന്ന പെരുമാള്‍ നൈനാറിന്‍റെ ബന്ധുവാണെന്നും സമ്മതിച്ചിട്ടുണ്ട്. മൂന്ന് പേരെയും അറസ്‌റ്റ് ചെയ്‌ത് താംബരം പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
ഇവരുടെ കൈവശമുണ്ടായിരുന്ന നാല് കോടി രൂപയും ഉദ്യോഗസ്ഥർ കണ്ടുകെട്ടിയിട്ടുണ്ട്. പിടിച്ചെടുത്ത പണം താംബരം തഹസിൽദാരുടെ സാന്നിധ്യത്തിൽ ട്രഷറിയിലേക്ക് കൈമാറി.