ന്യൂഡൽഹി : ഭരണകക്ഷിക്ക് വൻ തുക സംഭാവന നൽകിയെന്നാരോപിച്ച് ഭാരതീയ ജനത പാർട്ടിയും 30 കമ്പനികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ച് കോൺഗ്രസ്. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ്, ആദായനികുതി വകുപ്പ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ തുടങ്ങിയവർ ഈ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം ബിജെപിയും നിരവധി സ്ഥാപനങ്ങളും തമ്മിലുള്ള സാമ്പത്തിക ഇടപാട് മാധ്യമ വാര്‍ത്തകളിലൂടെ പുറത്ത് വന്നിരുന്നു എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തൻ്റെ കത്തിൽ പറഞ്ഞു.
സംഭാവനയും മറ്റ് ശക്തമായ തെളിവുകളും സംബന്ധിച്ച് ആധികാരികമായ നിരവധി തെരഞ്ഞെടുപ്പ് കമ്മിഷൻ രേഖകളാണ് മാധ്യമങ്ങൾ പുറത്തു വിട്ടത്. കേന്ദ്ര ഏജൻസികളായ ഐടി, ഇഡി, സിബിഐ എന്നിവയുടെ സ്ഥാപനപരമായ സ്വാതന്ത്ര്യം, സ്വയംഭരണം, പ്രൊഫഷണലിസം എന്നിവയെക്കുറിച്ച് ഇത് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും വേണുഗോപാൽ ധനമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു. ഇതിൽ മൂന്ന് ഏജൻസികളിൽ രണ്ടെണ്ണം ധനകാര്യ മന്ത്രാലയത്തിന്‍റെ അധികാരപരിധിക്ക് കീഴിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.