പിലിഭിത് (യുപി): ഗുരുദാസ്‌പൂരിലെ പൊലീസ് പോസ്‌റ്റിന് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ മൂന്ന് ഖലിസ്ഥാൻ ഭീകരർ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഉത്തർപ്രദേശ്-പഞ്ചാബ് പൊലീസിന്‍റെ സംയുക്ത ഓപ്പറേഷനിലാണ് ഭീകരര്‍ വെടിയേറ്റ് മരിച്ചത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് എകെ 47, രണ്ട് പിസ്‌റ്റളുകള്‍, വെടിമരുന്നുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. 25 വയസുള്ള ഗുർവീന്ദർ സിങ്, 23 വയസുള്ള വീരേന്ദ്ര സിങ്, 18 വയസുള്ള പ്രതാപ് സിങ് എന്നീ ഖലിസ്ഥാൻ ഭീകരരെയാണ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.
പുരൻപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. പാകിസ്ഥാൻ സ്‌പോൺസർ ചെയ്യുന്ന ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്‌സ് (കെസെഡ്എഫ്) എന്ന ഭീകരസംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് എക്‌സിലെ ഒരു പോസ്‌റ്റില്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'പഞ്ചാബിന്‍റെ അതിർത്തി പ്രദേശങ്ങളിലെ പൊലീസ് പോസ്‌റ്റില്‍ ഗ്രനേഡ് ആക്രമണം നടത്തിയതില്‍ ഈ ഭീകരസംഘം ഉൾപ്പെടുന്നു. പിലിഭിത്തിയിലെയും പഞ്ചാബിലെയും സംയുക്ത പൊലീസ് സംഘമാണ് വെടിവയ്‌പ്പ് നടത്തിയത്. ഏറ്റുമുട്ടൽ നടന്നത് പിലിഭിത്തിയിലെ പിഎസ് പുരൻപൂർ അധികാരപരിധിയിലാണ്,' എന്ന് ഡിജിപി പോസ്‌റ്റില്‍ കുറിച്ചു.