രാജ്‌സമന്ദ് :രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിൽ ഓൺലൈൻ ഗെയിമിങ്ങിലൂടെ പണം നഷ്‌ടമായ യുവാവ് ആത്മഹത്യ ചെയ്‌തു. ബിക്കാവാസ് സ്വദേശി ശിവരാജാണ് (22) മരിച്ചത്. ഓൺലൈൻ ഗെയിമിങ്ങിന് അടിമയായിരുന്ന യുവാവ് ഗെയിം കളിക്കുന്നതിനായി മാതാപിതാക്കളുടെ അക്കൗണ്ടിൽ നിന്ന് 70000 രൂപ പിൻവലിച്ചിരുന്നു. എന്നാൽ മുഴുവൻ പണം നഷ്‌ടമായതോടെ ശിവരാജ് മനംനൊന്ത് ജീവനൊടുക്കുകയായിരുന്നു.
ശിവരാജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി പൊലീസ് അറിയിച്ചു. ഇ-മിത്ര ഷോപ്പിൽ ജോലി ചെയ്‌തുവരികയായിരുന്ന ശിവരാജ് ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്ന് അമേത് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്‌ടർ ഭുർസിങ് പറഞ്ഞു. ഓൺലൈൻ ഗെയിമിലൂടെ മാതാപിതാക്കൾക്ക് കടുത്ത സാമ്പത്തിക നഷ്‌ടം ഉണ്ടാക്കിയതിൽ യുവാവ് അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഭുർസിങ് അറിയിച്ചു.