ന്യൂഡൽഹി : 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് നാളെ(19-04-2024) തുടക്കമാകും. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പാണ് നാളെ നടക്കുക. നിതിൻ ഗഡ്‌കരി, സർബാനന്ദ സോനോവാൾ, ഭൂപേന്ദ്ര യാദവ്, കോൺഗ്രസിന്‍റെ ഗൗരവ് ഗൊഗോയ്, ഡിഎംകെയുടെ കനിമൊഴി, ബിജെപിയുടെ കെ അണ്ണാമലൈ എന്നിവര്‍ നാളെ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും. ഇവര്‍ക്ക് പുറമേ, കിരൺ റിജിജു, സഞ്ജീവ് ബലിയാൻ, ജിതേന്ദ്ര സിങ്, അർജുൻ റാം മേഘ്‌വാൾ, എൽ മുരുകൻ, നിസിത് പ്രമാണിക് എന്നിവരും മുൻ മുഖ്യമന്ത്രിമാരായ ബിപ്ലബ് കുമാർ ദേബ് (ത്രിപുര), നബാം തുകി (അരുണാചൽ പ്രദേശ്), മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദര രാജൻ എന്നിവരും നാളത്തെ മത്സരാർത്ഥികളാണ്.
അതേസമയം, അരുണാചൽ പ്രദേശിലെ 60 സീറ്റുകളിലേക്കും സിക്കിമിലെ 32 സീറ്റുകളിലേക്കുമുള്ള നിയമസഭ തെരഞ്ഞെടുപ്പുകളും നാളെ നടക്കും. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകുന്നേരം 6 മണിക്ക് അവസാനിക്കും.
16.63 കോടിയിലധികം വോട്ടർമാരാണ് രാജ്യത്തിന്‍റെ വിധിയെഴുതാന്‍ നാളെ പോളിങ് ബൂത്തിലേക്ക് എത്തുക. 1.87 ലക്ഷം പോളിങ് സ്‌റ്റേഷനുകളിലായി 18 ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിന്യസിച്ചത്. വോട്ടർമാരിൽ 8.4 കോടി പുരുഷന്മാരും 8.23 കോടി സ്‌ത്രീകളും 11,371 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരുമാണുള്ളത്. 35.67 ലക്ഷം കന്നി വോട്ടർമാരുണ്ട്. കൂടാതെ 20-29 വയസ് പ്രായമുള്ള 3.51 കോടി യുവ വോട്ടർമാരും നാളെ പോളിങ് ബൂത്തുകളിലെത്തും.