ന്യൂഡല്‍ഹി : പ്രധാനമന്ത്രി ജന്‍ധന്‍ യോജനയുടെ ഗുണഭോക്താക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിഎംജെഡിവൈയുടെ പത്താംവാര്‍ഷികാഘോഷ വേളയിലാണ് പ്രധാനമന്ത്രി പദ്ധതിയുടെ വിജയത്തിന് കാരണക്കാരായവരെ അഭിനന്ദിച്ചത്. എക്‌സിലെ കുറിപ്പിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ അഭിനന്ദനം.
സാമ്പത്തിക ഉള്‍പ്പെടുത്തലിന് കരുത്ത് പകരാന്‍ പദ്ധതിക്ക് സാധിച്ചെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോടിക്കണക്കിന് ജനങ്ങള്‍ക്ക് പ്രത്യേകിച്ച് സ്‌ത്രീകള്‍ക്കും യുവാക്കള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിനും അന്തസോടെ ജീവിക്കാനും പദ്ധതി അവസരമൊരുക്കി.
2014 ഓഗസ്റ്റ് 28നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇപ്പോഴിത് ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക പദ്ധതിയായി മാറിയിരിക്കുന്നു. 53.14 കോടി ജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഈ മാസം പതിനാലിലെ കണക്കുകള്‍ പ്രകാരം മൊത്തം നിക്ഷേപ മൂല്യം 2,31,236 കോടിയുമാണ്.
പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 2015 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം കേവലം 15.67 കോടി ആയിരുന്നു. ഇപ്പോഴിതില്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പ്രസ്‌താവനയില്‍ വ്യക്തമാക്കി.
സാമ്പത്തിക ഉള്‍പ്പെടുത്തലിനും ശാക്തീകരണത്തിനും ബാങ്കിങ് സേവനങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കണമെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെ പാവപ്പെട്ടവരെ സാമ്പത്തിക മുഖ്യധാരയിലേക്ക് എത്തിക്കാനായി. പാര്‍ശ്വവത്കൃത സമൂഹത്തിന്‍റെ വികസനത്തിന് നിര്‍ണായക പങ്ക് വഹിക്കാനും പദ്ധതിയിലൂടെ സാധിക്കുന്നു.
പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെ സാമ്പത്തിക-ബാങ്കിങ് മേഖലകളില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വലിയ മാറ്റങ്ങള്‍ ഉണ്ടായി. 2.3 ലക്ഷം കോടിയാണ് ഈ പദ്ധതിയിലൂടെയുള്ള നിക്ഷേപം. 36 കോടി സൗജന്യ റൂപെ കാര്‍ഡുകളും ഇതിലൂടെ വിതരണം ചെയ്‌തിട്ടുണ്ട്. ഇത് വഴി രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷുറന്‍സ് ലഭ്യമാകുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതിക്ക് യാതൊരു വിധ ഫീസോ ചാര്‍ജുകളോ ഇല്ല. നിശ്ചിത മിനിമം ബാലന്‍സ് വ്യവസ്ഥകളുമില്ല. അക്കൗണ്ടില്ലാത്ത പ്രായപൂര്‍ത്തിയായ ഓരോ വ്യക്തിക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കുന്ന പദ്ധതിയാണിത്. ഈ അക്കൗണ്ടിന് യാതൊരു നിരക്കും ഈടാക്കുന്നുമില്ല.
അത്യാവശ്യ ഘട്ടങ്ങളില്‍ പദ്ധതിയില്‍ അംഗമായിട്ടുള്ളവര്‍ക്ക് പതിനായിരം രൂപ വരെ ഓവര്‍ഡ്രാഫ്റ്റ് സൗകര്യവും ലഭ്യമാണ്. പദ്ധതിയുടെ 67ശതമാനവും ഗ്രാമീണ, അര്‍ധനാഗരിക മേഖലകളിലുള്ളവരാണെന്നത് ഏറെ ശ്രദ്ധേയമാണെന്നും നിര്‍മ്മല ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 55 ശതമാനവും സ്‌ത്രീകളാണ്. ജന്‍ധന്‍, ആധാര്‍, മൊബൈല്‍ (JAM)ത്രയം ആണ് പ്രധാനമന്ത്രി ജന്‍ധന്‍ യോജനയുടെ നെടും തൂണ്‍.
Also Read:മുദ്ര യോജന വഴി ഇതുവരെ നല്‍കിയത് 27.75 ലക്ഷം കോടി; വായ്‌പ ലഭിക്കാന്‍ ചെയ്യേണ്ടതെന്തെല്ലാം