ധർമപുരി: തമിഴ്‌നാട്ടിലെ ധര്‍മപുരിയിൽ പത്ത് വയസ്സുള്ള അഞ്ചാം ക്ലാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധ ലൈംഗീക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ പന്ത്രണ്ടാം ക്ലാസുകാരൻ അറസ്‌റ്റിൽ. ഇന്നലെ (ബുധൻ) ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടിയെ കാണാതായത് തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഒരു യുവാവ് കുട്ടിയെ കൊണ്ടുപോയതായി വിവരം ലഭിച്ചു.
അന്ന് വൈകിട്ടുവരെ രക്ഷിതാക്കളും ബന്ധുക്കളും കുട്ടിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്‌തു.
ദൃശ്യങ്ങളിൽ യുവാവ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയതും, യുവാവ് മാത്രം തിരികെ വരുന്നതും പതിഞ്ഞിരുന്നു. തുടർന്ന് പൊലീസ് യുവാവിനെ പിടികൂടി ചോദ്യം ചെയ്‌തപ്പോളാണ് പന്ത്രണ്ടാം ക്ലാസിലാണ് പഠിക്കുന്നതെന്നും ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും വ്യക്തമായത്. പീഡനത്തിന് ശേഷം കുട്ടിയെ ഇയാൾ കിണറ്റിലേക്ക് തള്ളിയതായും കണ്ടെത്തി.