ഹൈദരാബാദ്: തദ്ദേശീയ ബൈക്ക് നിർമാതാക്കളായ ടിവിഎസ് തങ്ങളുടെ സ്‌പോർട്‌സ് കമ്മ്യൂട്ടർ ബൈക്കായ ടിവിഎസ് റൈഡർ 125ൻ്റെ പുതിയ വേരിയൻ്റ് പുറത്തിറക്കി. 125 സിസി സെഗ്‌മെന്‍റിൽ ഏറ്റവും വേഗതയേറിയ ബൈക്കാണ് ഇതെന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്. ടിവിഎസ് റൈഡർ ഇഗോ(TVS Raider iGo) എന്ന പേരിലാണ് പുതിയ മോഡൽ അവതരിപ്പിച്ചിരിക്കുന്നത്. 98,389 രൂപയാണ് ഇഗോ വേരിയന്‍റിന്‍റെ എക്‌സ്‌ഷോറൂം വില.
ടിവിഎസിന്‍റെ ഇഗോ അസിസ്റ്റ് സാങ്കേതികവിദ്യയോടെയാണ് പുതിയ വേരിയന്‍റ് പുറത്തിറക്കിയിരിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ ടിവിഎസ് ജൂപ്പിറ്ററിലും ഇതേ സാങ്കേതികവിദ്യ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ടിവിഎസ് റൈഡർ 10 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. മികച്ച പ്രകടനം കാഴ്‌ച വെയ്‌ക്കുന്ന റൈഡറിന് ഡിമാൻഡ് ഏറെയായതിനാലാണ് റൈഡറിന്‍റെ ഇഗോ വേരിയന്‍റും പുറത്തിറക്കിയത്.
ബജാജ് പൾസർ N125 പുറത്തിറക്കിയതിന് പിന്നാലെയാണ് 125 സിസി സെഗ്‌മെന്‍റിൽ ടിവിഎസ് തങ്ങളുടെ റൈഡർ ഇഗോ വേരിയന്‍റും പുറത്തിറക്കുന്നത്. വിപണിയിൽ ടിവിഎസ് റൈഡർ ഇഗോ മോഡലിന് പ്രധാന എതിരാളി ബജാജ് പൾസർ N125 ആയിരിക്കും. ഇഗോ വേരിയന്‍റിന്‍റെ ഡിസെനിനെ കുറിച്ച് പറയുകയാണെങ്കിൽ നാർഡോ ഗ്രേ കളർ ഓപ്ഷനിലാണ് ബൈക്ക് ലഭ്യമാകുക. ഇളം ചാരനിറവും കറുപ്പും ഇടകലർന്ന ഈ നിറത്തിൽ മാത്രമാണ് ഇഗോ വേരിയന്‍റ് നിലവിൽ ലഭ്യമാകുന്നത്.
ചുവപ്പ് നിറത്തിലുള്ള അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. വോയ്‌സ് അസിസ്റ്റും ടേൺ-ബൈ-ടേൺ നാവിഗേഷനും ഉൾപ്പെടെ നിരവധി കണക്‌റ്റിവിറ്റി ഓപ്‌ഷനുകളും നൽകിയിട്ടുണ്ട്. ടിവിഎസ് SmartXonnect കണക്‌റ്റിവിറ്റി ഫീച്ചറുകൾക്കൊപ്പം എൽസിഡി ഡിജിറ്റൽ ക്ലസ്റ്ററും ബൈക്കിൽ നൽകിയിട്ടുണ്ട്.