ഹൈദരാബാദ്: തങ്ങളുടെ ജനപ്രിയ മിനി എസ്‌യുവി ആയ ടാറ്റ പഞ്ചിൻ്റെ കാമോ എഡിഷൻ വീണ്ടും അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. കാമോ എഡിഷൻ നിർത്തലാക്കിയിരുന്നെങ്കിലും ഉത്സവ സീസൺ കണക്കിലെടുത്ത് വീണ്ടും പുറത്തിറക്കുകയായിരുന്നു. മിഡ്-സ്‌പെക്ക് അക്കോംപ്ലിഷ്‌ഡ് പ്ലസ്, ടോപ്പ്-സ്പെക്ക് ക്രിയേറ്റീവ് പ്ലസ് എന്നീ വേരിയന്‍റുകളാണ് പുറത്തിറക്കിയത്.
പുതിയതായി അവതരിപ്പിച്ച മോഡലുകൾക്ക് ടാറ്റ പഞ്ച് കാമോ എഡിഷൻ്റെ സാധാരണ വേരിയൻ്റിനേക്കാൾ 15,000 രൂപ കൂടുതലായിരിക്കും. 8.45 ലക്ഷം രൂപ പ്രാരംഭ വിലയിലുള്ള പരിമിതമായ യൂണിറ്റുകൾ മാത്രമാണ് പുറത്തിറക്കിയത്. പുതിയ വേരിയന്‍റുകളിൽ വരുത്തിയ മാറ്റവും, അതിന്‍റെ സവിശേഷതകളും പരിശോധിക്കാം.
16 ഇഞ്ച് ഡാർക്ക് ഗ്രേ നിറത്തിലുള്ള അലോയ് വീലുകളാണ് 2024 ടാറ്റ പഞ്ച് കാമോ എഡിഷനിൽ നൽകിയിരിക്കുന്നത്. സൈഡ് ഫെൻഡറിൽ ഒരു കാമോ ബാഡ്‌ജും നൽകിയിട്ടുണ്ട്. സീവീഡ് ഗ്രീൻ എക്സ്റ്റീരിയർ ഷെയ്‌ഡിൽ വൈറ്റ് റൂഫോട് കൂടിയാണ് പുതിയ കാമോ പതിപ്പ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എന്നാൽ കാമോയുടെ മുൻ എഡിഷനുകളിൽ പച്ച നിറമാണ് നൽകിയിരുന്നത്.
പുതിയ കാമോ പതിപ്പിന്‍റെ ഇന്‍റീരിയറുകളെ കുറിച്ച് പറയുകയാണെങ്കിൽ, അതിന്‍റെ ഡോർ പാഡുകളിൽ കാമോ ഗ്രാഫിക്‌സും ബ്ലാക്ക് ഔട്ട് ഡോർ ഓപ്പണിങ് ലിവറുകളും ബ്ലാക്ക് കളർ സീറ്റ് അപ്‌ഹോൾസ്റ്ററിയും നൽകിയിട്ടുണ്ട്.