ഹൈദരാബാദ്:വിർച്വൽ അസിസ്റ്റന്‍റായ സിരി ഉപയോഗിച്ച്ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണങ്ങൾ സമ്മതമില്ലാതെ ചോർത്തിയ കേസിൽ ഒത്തുതീർപ്പിന് തയ്യാറായിരിക്കുകയാണ് ആപ്പിൾ. 95 മില്യൺ ഡോളർ (ഏകദേശം 814 കോടി) നൽകിയാണ് ഒത്തുതീർപ്പിനൊരുങ്ങുന്നത്. തുക പണമായി തന്നെ നൽകാമെന്ന് ആപ്പിൾ സമ്മതിച്ചതായാണ് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തത്.
ഉപയോക്താക്കളുടെ സമ്മതമില്ലാതെ സിരി സംഭാഷണങ്ങൾ റെക്കോർഡ് ചെയ്‌ത് തേർഡ് പാർട്ടി കമ്പനികൾക്കും പരസ്യദാതാക്കൾക്കും നൽകിയതിനാണ് ആപ്പിളിനെതിരെ കേസ്. ആപ്പിൾ ഒത്തുതീർപ്പിന് തയ്യാറായതിന് പിന്നിലെന്തായിരിക്കും? ആർക്കൊക്കെ തീർപ്പാക്കൽ തുക ലഭിക്കും? ഓരോ ഉപഭോക്താവിനും എത്ര വീതം ലഭിക്കും? കേസിനെക്കുറിച്ചും അതിൽ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും അറിയേണ്ട ചില കാര്യങ്ങൾ ഇതാ.
കേസിന്‍റെ വിശദാംശങ്ങൾ:
ഉപയോക്താക്കളുടെ സംഭാഷണങ്ങൾ സിരി അവരുടെ സമ്മതമില്ലാതെ റെക്കോർഡ് ചെയ്‌ത് സ്വകാര്യത ലംഘിക്കുന്നതായി ആരോപിച്ച് 'ദി ഗാർഡിയൻ' പത്രം ആപ്പിളിനെതിരെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഉപയോക്താക്കളുടെ അറിവില്ലാതെ സിരിയുടെ മൈക്രോഫോൺ രഹസ്യമായി ഓണാക്കിയെന്നായിരുന്നു ആരോപണം. 2014 സെപ്റ്റംബറിലെ ആപ്പിളിന്‍റെ സോഫ്‌റ്റ്‌വെയർ അപ്‌ഡേഷന് ശേഷം "ഹേയ് സിരി" എന്ന് പറഞ്ഞാൽ മാത്രമേ വെർച്വൽ അസിസ്റ്റൻ്റ് സിരി സജീവമാകൂ എന്നായിരുന്നു ആപ്പിൾ ഉപഭോക്താക്കളെ അറിയിച്ചിരുന്നത്. എന്നാൽ തങ്ങളുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്താനായി സിരി മറ്റ് സമയങ്ങളിലും ഉപയോക്താക്കളുടെ സംഭാഷണങ്ങൾ കേൾക്കുകയും റെക്കോർഡുചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് ഗാർഡിയൻ ലേഖനത്തിൽ പറയുന്നത്. ഇതിനുപിന്നാലെയാണ് വുഡ് ലോ ആപ്പിളിനെതിരെ 2019 ആഗസ്റ്റിൽ പരാതി രജിസ്റ്റർ ചെയ്യുന്നത്. പിന്നീടാണ് ആപ്പിളിനെതിരെ കാലിഫോർണിയയിലെ ഓക്ക്‌ലാൻഡ് കോടതിയിൽ കേസെടുക്കുന്നത്.
ആപ്പിൾ നിയമം ലംഘിച്ചോ? ഒത്തുതീർപ്പിന് തയ്യാറായതിന് പിന്നിൽ?
ആപ്പിളിനെതിരെ പുറത്തുവന്ന ആരോപണങ്ങൾ ശരിയാണെങ്കിൽ, യുഎസ് പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായുള്ള ഫെഡറൽ വയർടാപ്പിങ് നിയമങ്ങളും മറ്റ് ചട്ടങ്ങളും പ്രകാരം ആപ്പിൾ സ്വകാര്യതാ ലംഘനം നടത്തിയിട്ടുണ്ട്. ആപ്പിൾ കമ്പനി കേസ് നടത്താതെ എന്തിന് ഒത്തുതീർപ്പ് നടത്തിയെന്നതാണ് മറ്റൊരു ചോദ്യം. കേസ് പരാജയപ്പെട്ടിരുന്നെങ്കിൽ കമ്പനിക്ക് 1.5 ബില്യൺ ഡോളർ നഷ്‌ട്ടപരിഹാരം നൽകേണ്ടിവരുമായിരുന്നു. നിയമപരമായ ചിലവും ചീത്തപ്പേരും കുറയ്‌ക്കാമെന്ന് കരുതി കമ്പനി യുക്തിസഹജമായി എടുത്ത തീരുമാനമായിരിക്കണം ഈ ഒത്തുതീർപ്പ്.
ആപ്പിൾ ഒത്തുതീർപ്പിന് നൽകാമെന്ന് പറഞ്ഞ തുക കമ്പനിയെ സംബന്ധിച്ചിടത്തോളം തുച്ഛമായ തുകയാണ്. 2014 സെപ്‌തംബർ മുതലുള്ള കമ്പനിയുടെ മൊത്തം ലാഭം 700 ബില്യൺ ഡോളർ കടന്നിട്ടുണ്ട്. അതിനാൽ തന്നെ നഷ്‌ടപരിഹാരത്തുക നൽകി കേസ് ഒത്തുതീർപ്പാക്കുന്നത് തന്നെയാണ് ആപ്പിളിനെ സംബന്ധിച്ചിടത്തോളം നല്ലത്.
ആർക്കൊക്കെ നഷ്‌ടപരിഹാരം ലഭിക്കും?