ഹൈദരാബാദ്: തങ്ങളുടെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോൺ റെഡ്‌മി നോട്ട് 14 സീരീസ് ആഗോളതലത്തിൽ അവതരിപ്പിക്കാനൊരുങ്ങി ഷവോമി. 2024 സെപ്റ്റംബറിൽ ചൈനയിലും ഡിസംബറിൽ ഇന്ത്യയിലും പുറത്തിറക്കിയതിന് പിന്നാലെയാണ് ആഗോള വിപണിയിലേക്ക് ചുവടുവെയ്‌ക്കുന്നത്. റെഡ്‌മി നോട്ട് 14, 14 പ്രോ, 14 പ്രോ പ്ലസ് എന്നീ മോഡലുകളാണ് ഈ സീരീസിൽ പുറത്തിറക്കുക. ജനുവരി 10 ന് ആണ് ആഗോള ലോഞ്ച്.
കൂടാതെ ഫോണുകൾക്കൊപ്പം ഒരു സ്‌മാർട്ട് വാച്ചും ഇയർബഡും പവർബാങ്കും അവതരിപ്പിക്കുമെന്ന് ഷവോമി അറിയിച്ചിട്ടുണ്ട്. റെഡ്‌മി വാച്ച് 5, റെഡ്‌മി ബഡ്‌സ് 6 പ്രോ, ഷവോമി 165W പവർ ബാങ്ക് 10000 എന്നിവയാണ് പുതുതായി ലോഞ്ച് ചെയ്യുന്ന മറ്റ് ഉത്‌പന്നങ്ങൾ. സ്‌മാർട്ട് വാച്ചും ഇയർബഡും നവംബർ മാസത്തിൽ ചൈനയിൽ അവതരിപ്പിച്ചിരുന്നെങ്കിലും ആഗോളതലത്തിൽ ലോഞ്ച് ചെയ്യാൻ പോകുന്നത് ജനുവരി 10 നാണ്. റെഡ്‌മി നോട്ട് 14 സീരീസിൻ്റെ ആഗോള ലോഞ്ചിനെക്കുറിച്ച് എക്‌സിലൂടെയാണ് ഷവോമി അറിയിച്ചിരിക്കുന്നത്.
റെഡ്‌മി നോട്ട് 14 സീരീസ് സവിശേഷതകൾ:
ആഗോള പതിപ്പ് ചൈനീസ് പതിപ്പിനോട് സാമ്യമുള്ളതായിരിക്കും. റെഡ്‌മി നോട്ട് 14 സീരീസിൻ്റെ ആഗോള പതിപ്പിന് 200 എംപി പ്രധാന ക്യാമറയുണ്ടാകും. എഐ പിന്തുണയുള്ള ഇമേജിങ്, ഫോട്ടോ എഡിറ്റിങ് ഫീച്ചറുകൾ തുടങ്ങിയവയും റെഡ്‌മി നോട്ട് 14 സീരീസ് ഫോണുകളിൽ ലഭ്യമാവും. വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷണം നൽകുന്ന IP68 റേറ്റിങാണ് ഫോണുകൾക്ക് നൽകിയിരിക്കുന്നത്. ഇതിനു പുറമെ കോർണിങ് ഗൊറില്ല ഗ്ലാസ് വിക്‌ടസ് 2 സ്‌ക്രീൻ സംരക്ഷണം, ആൻ്റി-ഡ്രോപ്പ് ഓൾ-സ്റ്റാർ ആർമർ സ്‌ട്രക്‌ച്ചർ എന്നിവയും ഫീച്ചർ ചെയ്യും.
ചൈനയിൽ പുറത്തിറക്കിയ റെഡ്‌മി നോട്ട് 14ന് മീഡിയടെക് ഡയമെൻസിറ്റി 7025 അൾട്രാ ചിപ്‌സെറ്റും, റെഡ്‌മി നോട്ട് 14 പ്രോയ്ക്ക് മീഡിയടെക് ഡയമെൻസിറ്റി 7300-അൾട്രാ ചിപ്‌സെറ്റും, നോട്ട് 14 പ്രോ പ്ലസിന് സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്‌സെറ്റുമാണ് നൽകിയിരിക്കുന്നത്. ഫോണുകൾ ആൻഡ്രോയിഡ് 14 അധിഷ്‌ഠിത ഹൈപ്പർ ഒഎസുമായാണ് വരുന്നത്. കൂടാതെ 90W ചാർജിങും പിന്തുണയ്‌ക്കും.
റെഡ്‌മി നോട്ട് 14 സീരീസ് വില:
- റെഡ്‌മി നോട്ട് 14 ന്‍റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള വേരിയന്‍റിന് 18,999 രൂപയാണ് വില
- റെഡ്‌മി നോട്ട് 14 പ്രോയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള വേരിയന്‍റിന് 24,999 രൂപയാണ് വില
- റെഡ്‌മി നോട്ട് 14 പ്രോ പ്ലസിന് 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള വേരിയന്‍റിന് 30,999 രൂപയാണ് വില