ഹൈദരാബാദ്:ഓപ്പോയുടെപ്രീമിയം സ്‌മാർട്ട്‌ഫോൺ വിഭാഗത്തിലേക്ക് ഒരാൾ കൂടി. ഓപ്പോ ഫൈൻഡ് എക്‌സ് 8 സീരീസിൽ അടുത്തിടെ പുറത്തിറങ്ങിയ ഫൈൻഡ് എക്‌സ് 8, ഫൈൻഡ് എക്‌സ് 8 പ്രോ മോഡലുകൾക്ക് പിന്നാലെ അതേ ലൈനപ്പിൽ ഫൈൻഡ് എക്‌സ് 8 അൾട്രാ മോഡൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. സാംസങ് ഗാലക്‌സി എസ് 25 അൾട്രാ, ഹോണർ മാജിക് 7 അൾട്ടിമേറ്റ്, ഷവോമി 15 അൾട്രാ, വിവോ എക്‌സ് 200 അൾട്രാ എന്നീ മോഡലുകൾക്ക് എതിരാളി ആയിരിക്കും വരാനിരിക്കുന്ന ഓപ്പോ ഫൈൻഡ് എക്‌സ് 8 അൾട്രാ.
ഫോണിന്‍റെ ലോഞ്ചിങ് തീയതി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അടുത്ത വർഷം ആദ്യം തന്നെ പുറത്തിറക്കാനാണ് സാധ്യത. 2024 ജനുവരിയിൽ പുറത്തിറങ്ങിയ ഓപ്പോ ഫൈൻഡ് എക്‌സ് 7 അൾട്രായുടെ പിൻഗാമിയായി ഓപ്പോ ഫൈൻഡ് എക്‌സ് 8 അൾട്രാ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോഞ്ചിങിന് മുന്നോടിയായി ഫോണിന്‍റെ നിരവധി സവിശേഷതകൾ ചോർന്നിരിക്കുകയാണ്. 120 Hz റിഫ്രഷ് റേറ്റുള്ള 6.82 ഇഞ്ച് 2കെ ഡിസ്‌പ്ലേ, എക്‌സ്-ആക്‌സിസ് ഹാപ്‌റ്റിക് മോട്ടോർ, ഐപി69 റേറ്റിങ്, അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ തുടങ്ങിയ ഫീച്ചറുകൾ ഫോണിൽ ഉണ്ടായിരിക്കാനാണ് സാധ്യത.
ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ വെയ്‌ബോ ആണ് ഓപ്പോയുടെ പുതിയ ഫോണിന്‍റെ സവിശേഷതകൾ വെളിപ്പെടുത്തിയത്. 2K റെസല്യൂഷനോട് കൂടിയ 6.82 ഇഞ്ച് ക്വാഡ് കർവ് സ്‌ക്രീനാണ് ഫോണിലുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഡിസ്‌പ്ലേയിൽ തന്നെ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ സജ്ജീകരിക്കാനാണ് സാധ്യത. കൂടാതെ പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിനായി IP68, IP69 റേറ്റിങ് ഉണ്ടായിരിക്കും.