ഹൈദരാബാദ്: ഇന്ത്യയിലെ തങ്ങളുടെ സ്‌മാർട്ട്‌ഫോൺ ഉപഭോക്താക്കൾ നേരിടുന്ന ഡിസ്‌പ്ലേ പ്രശ്‌നങ്ങൾക്ക് പരിഹാരവുമായി വൺപ്ലസ്. ഡിസ്‌പ്ലേകളിലെ മദർബോർഡ് തകരാറുകളും ഗ്രീൻ ലൈൻ പ്രശ്‌നങ്ങളും സൗജന്യമായി പരിഹരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒപ്പം ഈ ഉപകരണങ്ങൾക്ക് ലൈഫ് ടൈം സ്‌ക്രീൻ വാറന്‍റിയും നൽകും. തെരഞ്ഞെടുത്ത മോഡലുകൾക്ക് സോഫ്‌റ്റ്‌വെയർ അപ്‌ഡേഷനും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
വൺപ്ലസ് 8, വൺപ്ലസ് 9 സീരീസ് ഫോണുകളിലുണ്ടായ ഡിസ്‌പ്ലേ തകരാറുമായി ബന്ധപ്പെട്ട പരാതികളെ അംഗീകരിച്ചു കൊണ്ടാണ് കമ്പനി ഉപഭോക്താക്കൾക്ക് പുതിയ വാഗ്‌ദാനങ്ങൾ നൽകിയിരിക്കുന്നത്. വൺപ്ലസിന്‍റെ ഫോണുകളിൽ OTA സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് നടത്തിയതിന് പിന്നാലെ ഡിസ്‌പ്ലേകൾക്ക് തകരാർ വന്നതായാണ് ഉപഭോക്താക്കളിൽ നിന്നും പരാതി ഉയർന്നത്. വൺപ്ലസ് 8, വൺപ്ലസ് 9 എന്നീ സീരീസുകളിലാണ് പ്രധാനമായും ഡിസ്‌പ്ലേ തകരാറുകൾ സംഭവിച്ചത്. മദർബോർഡ് പരാജയപ്പെട്ടതായും ഡിസ്‌പ്ലേയിൽ പച്ച വര വീണതായും പരാതി വന്നിരുന്നു.
തുടർന്ന് കമ്പനി പ്രശ്‌നങ്ങൾ അംഗീകരിക്കുകയും, തകരാറുകൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയുമായിരുന്നു. സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റിന് ശേഷം ഡിസ്‌പ്ലേ തകരാറുകൾ നേരിട്ടവർക്ക് അടുത്തുള്ള വൺപ്ലസ് സെർവീസ് സെന്‍ററിൽ പോയി സൗജന്യമായി തകരാറുകൾ പരിഹരിക്കാനാകും. കൂടാതെ വൺപ്ലസ് 8, വൺപ്ലസ് 9 എന്നീ സീരീസിലെ തെരഞ്ഞെടുത്ത ഫോണുകൾക്ക് അപ്‌ഗ്രേഡും ലഭിക്കും. ഡിസ്‌പ്ലേ തകരാർ സംഭവിച്ച ഉപകരണങ്ങൾക്ക് ആജീവനാന്ത സ്‌ക്രീൻ വാറന്‍റിയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.
ഇത്തരം പ്രശ്‌നങ്ങൾ സംഭവിക്കുന്നത് തങ്ങളുടെ ബ്രാൻഡിൽ മാത്രമല്ലെന്നും, എന്നാൽ പ്രശ്‌ന പരിഹാരത്തിനായി ഉപയോക്തൃ കേന്ദ്രീകൃത നയം ആദ്യമായി നടപ്പാക്കുന്നത് തങ്ങളാണെന്നും വൺപ്ലസ് അവകാശപ്പെടുന്നു. ഡിസ്‌പ്ലേയിൽ പച്ച വര വന്ന ഏത് ഉപഭോക്താവിനും അവരുടെ ഫോൺ എത്ര മുൻപ് വാങ്ങിയതാണെങ്കിലും സെർവീസ് ലഭ്യമാകും.
Also Read: മികച്ച ഗെയിമിങ് എക്‌സ്‌പീരിയൻസ്, ആറ് വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്: സാംസങ് ഗാലക്‌സി എ16 5ജി അവതരിപ്പിച്ചു