ഹൈദരാബാദ്: പുതിയ എആർ (ഓഗ്‌മെന്‍റഡ് റിയാലിറ്റി) ഗ്ലാസ് അവതരിപ്പിച്ച് മെറ്റ. 'ഓറിയോൺ' എന്ന പേരിലുള്ള സ്‌മാർട്ട് ഗ്ലാസാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. തലച്ചോറിലെ സിഗ്‌നലുകൾ, എഐ വോയ്‌സ് അസിസ്റ്റന്‍റ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് ഓറിയോൺ ഗ്ലാസിന്‍റെ പ്രവർത്തനം.
സ്‌മാർട്ട്‌ഫോണില്ലാതെ തന്നെ ആളുകൾക്ക് ഡിജിറ്റൽ ലോകവുമായി ഇടപഴകുന്നതിനുള്ള സംവിധാനമാണ് ഓറിയോൺ ഗ്ലാസുകൾ. ആർടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെയും വെർച്വൽ റിയാലിറ്റിയുടെയും സംയോജനമാണ് പുതിയ സ്‌മാർട്ട്‌ഗ്ലാസ്. ഇതുവഴി സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കാതെ തന്നെ മുന്നിലുള്ള ഏത് വസ്‌തുവിലേക്കും ഡിജിറ്റൽ സ്‌ക്രീൻ കൊണ്ടുവരാനും, വോയ്‌സ് നിർദേശങ്ങളിലൂടെയും വിരലുകളുടെ ചലനങ്ങളിലൂടെയും കോൾ ചെയ്യാനും ചാറ്റ് ചെയ്യാനും സാധിക്കും.
ഓറിയോൺ ഗ്ലാസിന്‍റെ പ്രവർത്തനം:
ഇതുവരെ സൃഷ്‌ടിച്ചതിൽ വച്ച് ഏറ്റവും മികച്ചതും നൂതനവുമായ എആർ ഗ്ലാസുകളാണ് തങ്ങൾ അവതരിപ്പിച്ചിരിക്കുന്നതെന്ന് ലോഞ്ച് ഇവൻ്റിൽ മെറ്റ പറഞ്ഞു. ന്യൂറൽ ഇന്‍റർഫേസ് സംവിധാനത്തോടെയായിരിക്കും ഓറിയോൺ ഗ്ലാസിന്‍റെ പ്രവർത്തനം. മെറ്റ കണക്‌ട് 2024 എന്ന ലോഞ്ച് ഇവന്‍റിലാണ് സിഇഒ ആയ സുക്കർബർഗ് ഈ സ്‌മാർട്ട്‌ഗ്ലാസ് അവതരിപ്പിച്ചത്.
വീഡിയോ കോൾ ചെയ്യാനും വാട്ട്‌സ്‌ആപ്പിൽ മെസേജ് അയക്കാനും ഈ സ്‌മാർട്ട് ഗ്ലാസിവെ ഓഗ്‌മെന്‍റഡ് റിയാലിറ്റി വഴി സാധ്യമാകും. എഐ വോയ്‌സ് അസിസ്റ്റന്‍റ്, ഹാൻഡ് ട്രാക്കിങ്, ഐ ട്രാക്കിങ്, ബ്രെയിൻ സിഗ്‌നലുകൾ എന്നീ സംവിധാനങ്ങൾ ഉപയോഗിച്ചാകും ഗ്ലാസ് നിയന്ത്രിക്കുന്നത്. ഇതിനായി റിസ്റ്റ് ബാൻഡ് അടിസ്ഥാനമാക്കിയുള്ള ഒരു ഇന്‍റർഫെയ്‌സ് സംവിധാനമുണ്ട്.
ഓറിയോൺ എആർ സ്‌മാർട്ട് ഗ്ലാസിന്‍റെ ഭാഗങ്ങൾ (ഫോട്ടോ: മെറ്റ) ഈ സ്‌മാർട്ട് ഗ്ലാസിന് കണ്ണട, റിസ്റ്റ് ബാൻഡ്, വയർലെസ് കമ്പ്യൂട്ടിങ് പക്ക് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണ് ഉള്ളത്. ഈ സ്‌മാർട്ട് ഗ്ലാസ് ഭാവിയിൽ സ്‌മാർട്ട്‌ഫോണുകൾക്ക് പകരമാവുമെന്നും സക്കർബർഗ് പറയുന്നു. പുറമെ നിന്ന് നോക്കുന്നവർക്ക് സാധാരണ കണ്ണടയായി തോന്നുന്ന തരത്തിലാണ് രൂപകൽപ്പന. സുതാര്യമായ ഗ്ലാസുകളുള്ള ഈ ഗ്ലാസിനുള്ളിലൂടെ നോക്കിയാൽ പുറത്തുനിന്നുള്ള ഡിജിറ്റൽ സ്‌ക്രീനും, ഒപ്പം തന്നെ പുറത്ത് നിന്നുള്ള കാര്യങ്ങളും കാണാൻ സാധിക്കും. ഓറിയോൺ ഗ്ലാസിന് ഭാരവും കുറവാണ്.
ഓഗ്‌മെൻ്റഡ് റിയാലിറ്റി (AR) :
നമ്മളുടെ ചുറ്റുപാടുമുള്ള വസ്‌തുവിലേക്ക് ഒരു ഡിജിറ്റൽ സ്‌ക്രീനും കൂടെ ചേർക്കാൻ ഓഗ്‌മെൻ്റഡ് റിയാലിറ്റി വഴി സാധിക്കും. ഉദാഹരണത്തിന്, നിങ്ങൾ ഓഗ്‌മെൻ്റഡ് റിയാലിറ്റിയുള്ള ഗ്ലാസുകൾ ധരിക്കുന്നുവെന്ന് കരുതുക. ദൂരെയുള്ള സുഹൃത്തിനൊപ്പം നിങ്ങൾ ചെസ് കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ മുന്നിലുള്ള മേശയിലേക്ക് നിങ്ങൾക്ക് ചെസ് സ്‌ക്രീനിനെ കൊണ്ടുവരാം. ഓഗ്‌മെൻ്റഡ് റിയാലിറ്റി വഴി അതൊരു ഡിജിറ്റൽ സ്‌ക്രീനാണെന്ന് തോന്നാതെ തന്നെ നിങ്ങൾക്ക് ചെസ് കളിക്കാനാകും.
വെർച്വൽ റിയാലിറ്റി (VR):
നമ്മളെ മറ്റൊരു ലോകത്തേക്ക് തന്നെ കൊണ്ടുപോകുന്ന ഒരു സാങ്കേതികവിദ്യയാണ്വെർച്വൽ റിയാലിറ്റി. വെർച്വൽ ഗ്ലാസുകൾ ധരിച്ച് ഗെയിമുകൾ കളിക്കുകയോ 3D സിനിമകൾ കാണുകയോ ചെയ്യുമ്പോൾ 360-ഡിഗ്രിയിലുള്ള ദൃശ്യങ്ങൾ നമുക്ക് ആസ്വദിക്കാനാവും. വെർച്വൽ ഗ്ലാസുകൾ ധരിച്ചാൽ നിങ്ങൾ ഉള്ളത് വിർച്വൽ ലോകത്തായിരിക്കും. ഇത് യാഥാർത്ഥ്യമാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം.
Also Read: ഗൂഗിളിന്‍റെ ജെമിനി ലൈവ് ഇനി ആൻഡ്രോയ്‌ഡ് ഉപയോക്താക്കൾക്ക് സൗജന്യം: എങ്ങനെ ലഭ്യമാകും?