കാത്തിരിപ്പിന് വിരാമം: താങ്ങാവുന്ന വിലയിൽ പുതിയ ഹോണ്ട അമേസ് വിപണിയിലെത്തി: വില 8 ലക്ഷം മുതൽ
ഹോണ്ട അമേസിന്‍റെ പുതിയ പതിപ്പ് താങ്ങാവുന്ന വിലയിൽ പുറത്തിറക്കി. ഇൻ്റീരിയറിലും എക്‌സ്റ്റീരിയറിലും മാറ്റങ്ങളോടെയാണ് പുതിയ മോഡൽ എത്തിയത്. കൂടുതൽ ഫീച്ചറുകൾ പരിശോധിക്കാം.
ഹൈദരാബാദ്: ജാപ്പനീസ് കാർ നിർമാതാക്കളായ ഹോണ്ടയുടെ കോംപാക്‌ട് സെഡാനായ ഹോണ്ട അമേസിന്‍റെ പുതുക്കിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മികച്ച ഡിസൈനിൽ പുതിയ ലുക്കിലാണ് അമേസിന്‍റെ നവീകരിച്ച പതിപ്പ് എത്തിയിരിക്കുന്നത്. മാരുതി ഡിസയറിൻ്റെ പ്രധാന എതിരാളികളിലൊന്നായ ഹോണ്ട അമേസ് കമ്പനിയുടെ തന്നെ മറ്റ് മോഡലുകളായ ഹോണ്ട സിറ്റി, ഇൻ്റർനാഷണൽ-സ്പെക്ക് ഹോണ്ട അക്കോർഡ് തുടങ്ങിയവയിൽ നിന്നുള്ള ഡിസൈനുകൾ കടമെടുത്താണ് പുത്തൻ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഫീച്ചറുമായി എത്തുന്ന രാജ്യത്തെ ഏറ്റവും വില കുറഞ്ഞ കാറെന്ന പ്രത്യേകതയും ഹോണ്ട അമേസിനുണ്ട്. V, VX, ZX എന്നീ മൂന്ന് വകഭേദങ്ങളിലാണ് ഹോണ്ട അമേസ് ലഭ്യമാവുക. 7,99,900 രൂപയാണ് ഹോണ്ട അമേസിന്‍റെ പുതിയ പതിപ്പിന്‍റെ പ്രാരംഭ വില(എക്‌സ്-ഷോറൂം).
പുതിയ ഹോണ്ട അമേസ് (ഫോട്ടോ - ഹോണ്ട കാർസ് ഇന്ത്യ)
പുത്തൻ ലുക്കിലെത്തിയ ഹോണ്ട അമേസിന്‍റെ എക്‌സ്റ്റീരിയർ ഡിസൈൻ പരിശോധിക്കുമ്പോൾ പുതിയ അമേസിൻ്റെ മുൻഭാഗം കമ്പനിയുടെ കോംപാക്റ്റ് എസ്‌യുവിയായ ഹോണ്ട എലിവേറ്റിനോട് വളരെ സാമ്യമുള്ളതാണ്. ചതുരാകൃതിയിലുള്ള ഗ്രില്ലും ഹോണ്ട അക്കോർഡിന് സമാനമായ ബമ്പർ ഡിസൈനുമാണ് നൽകിയിരിക്കുന്നത്. കൂടാതെ ഹോണ്ട സിറ്റിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മൾട്ടി-സ്‌പോക്ക് അലോയ് വീലുകളും റാപ്പറൗണ്ട് ടെയിൽ ലൈറ്റുകളും അമേസിൽ നൽകിയിട്ടുണ്ട്.
റോഡിന്‍റെ വ്യക്തമായ വ്യൂ ലഭിക്കാൻ എൽഇഡി ഡിആർഎല്ലോടു കൂടിയ പുതിയ എൽഇഡി പ്രൊജക്‌ടർ ഹെഡ്‌ലാമ്പുകളും നൽകിയിട്ടുണ്ട്. സിറ്റി സെഡാൻ, എലവേറ്റ് എസ്‌യുവി എന്നീ മോഡലിൽ നിന്നും കടമെടുത്തതാണ് അമേസിന്‍റെ നവീകരിച്ച പതിപ്പിന്‍റെ ഇന്‍റീരിയർ ഡിസൈൻ. സെമി-ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും 8 ഇഞ്ച് ടച്ച്‌സ്‌ക്രീനും പുതിയ മോഡലിന് ലഭിക്കും. എയർകണ്ടീഷണർ വെൻ്റുകളും നൽകിയിട്ടുണ്ട്.
പുതിയ ഹോണ്ട അമേസ് (ഫോട്ടോ - ഹോണ്ട കാർസ് ഇന്ത്യ)
ഹോണ്ട സിറ്റിയിലും എലിവേറ്റിലും കാണുന്ന അതേ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററാണ് അമേസിനും നൽകിയിരിക്കുന്നത്. ക്യാബിനിൽ ഒരു ഡ്യുവൽ-ടോൺ കളർ സ്‌കീമും ലഭ്യമാണ്. പുതിയ ഹോണ്ട അമേസിൽ ഇൻ്റഗ്രേറ്റഡ് കപ്പ് ഹോൾഡറുകളോട് കൂടിയ റിയർ സെൻ്റർ ആംറെസ്റ്റ്, പിൻ എസി വെൻ്റ്, മൂന്ന് യാത്രക്കാർക്കും ഹെഡ്‌റെസ്റ്റുകൾ തുടങ്ങിയ കംഫർട്ട് ഫീച്ചറുകൾ നൽകിയിട്ടുണ്ട്. എല്ലാ സീറ്റുകൾക്കും സ്റ്റാൻഡേർഡായി ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകളും നൽകിയിട്ടുണ്ട്.
പുതിയ ഹോണ്ട അമേസിന്‍റെ വിവിധ വേരിയന്‍റുകളുടെ വില (ഫോട്ടോ - ഹോണ്ട കാർസ് ഇന്ത്യ)
ADAS ഫീച്ചറുകൾ:
പുതിയ തലമുറ അമേസിൻ്റെ ഏറ്റവും സവിശേഷമായ കാര്യം എഡിഎഎസ് സിസ്റ്റം തന്നെയാണ്. അമേസിന്‍റെ ADAS സ്യൂട്ടിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലീഡ് കാർ ഡിപ്പാർച്ചർ നോട്ടിഫിക്കേഷൻ, ഓട്ടോണോമസ് എമർജൻസി ബ്രേക്കിങ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാണിങ്, ഓട്ടോ ഹൈ ബീം അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുന്നു. ആറ് എയർബാഗുകളും ഹിൽ സ്റ്റാർട്ട് അസിസ്റ്റും സ്റ്റാൻഡേർഡായി വരുന്നുണ്ട്.
പുതിയ അമേസ് പഴയ മോഡലുകളുടെ അതേ 1.2-ലിറ്റർ, 4-സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ നിലനിർത്തിയിട്ടുണ്ട്. 88.5bhp കരുത്തും 110nm പരമാവധി ടോർക്കും നൽകുന്ന എഞ്ചിനാണ് നൽകിയിരിക്കുന്നത്. സ്റ്റാൻഡേർഡായി 5-സ്‌പീഡ് മാനുവൽ ഗിയർബോക്‌സും ഉയർന്ന വേരിയൻ്റുകളിൽ ഓപ്ഷണലായി സിവിടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.
മാനുവൽ, സിവിടി ഗിയർബോക്‌സ് ഓപ്‌ഷനുകൾക്ക് യഥാക്രമം ലിറ്ററിന് 18.65 കിലോമീറ്ററും ലിറ്ററിന് 19.46 കിലോമീറ്ററും മൈലേജാണ് നൽകുന്നത്. ഹോണ്ട അമേസിന്‍റെ പുതുക്കിയ പതിപ്പ് പ്രധാനമായും പുതുതലമുറ മാരുതി സുസുക്കി ഡിസയറുമായാണ് മത്സരിക്കുക. ഹ്യുണ്ടായ് ഓറ, ടാറ്റ ടിഗോർ എന്നിവയാണ് വിപണിയിലെ മറ്റ് എതിരാളികൾ.