50 എംപി ക്യാമറയുമായി മോട്ടറോളയുടെ പുതിയ ഫോൺ, ലോഞ്ച് ഡിസംബർ 10ന്; വില പതിനായിരത്തിൽ താഴെ? - MOTO G35 LAUNCH DATE
മോട്ടോറോളയുടെ പുതിയ 5G സ്‌മാർട്ട്‌ഫോണായ മോട്ടോ G35 ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. 50 എംപിയുടെ പ്രൈമറി ക്യാമറയുള്ള ഫോണിന്‍റെ വില പതിനായിരത്തിൽ താഴെ ആകുമെന്നാണ് സൂചന.
ഹൈദരാബാദ്: സ്‌മാർട്ട്‌ഫോൺ നിർമാതാക്കളായ മോട്ടോറോള തങ്ങളുടെ ഏറ്റവും പുതിയ മോഡലായ മോട്ടോ ജി35 5ജി സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. ഡിസംബർ 10ന് അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. യൂറോപ്യൻ വിപണികളിൽ ഈ മോഡൽ കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ അവതരിപ്പിച്ചിരുന്നു. മോട്ടോ ജി35 ന്‍റെ ഇന്ത്യൻ പതിപ്പിൻ്റെ ഡിസൈൻ, കളർ ഓപ്ഷനുകൾ, ഫീച്ചറുകൾ തുടങ്ങിയ കമ്പനി ലോഞ്ച് തീയതിക്കൊപ്പം വെളിപ്പെടുത്തിയിട്ടുണ്ട്.
ഡിസംബർ 10 ന് ഉച്ചയ്ക്ക് 12 മണിക്കാണ് മോട്ടോറോളയുടെ പുതിയ സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുക. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാർട്ടിൻ്റെ മൈക്രോസൈറ്റിൽ പ്രസിദ്ധീകരിച്ച പോസ്റ്ററിൽ നിന്നാണ് ലോഞ്ച് തീയതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഫ്ലിപ്‌കാർട്ടിലൂടെ ഫോൺ രാജ്യത്ത് വിൽപ്പനയ്‌ക്ക് ലഭ്യമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
രാജ്യത്തെ ഏറ്റവും വേഗതയേറിയ പെർഫോമൻസ് കാഴ്‌ച വെക്കുന്ന 5G ഫോണായിരിക്കും മോട്ടോ ജി35 എന്നാണ് കമ്പനി ടീസറിൽ അവകാശപ്പെടുന്നത്. മോട്ടോ ജി35 മോഡലിന്‍റെ വില വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കമ്പനി പുറത്തിറക്കിയ ടീസറിൽ വിലയെക്കുറിച്ച് സൂചനകളുണ്ട്. 10,000 രൂപയിൽ താഴെ ബജറ്റിൽ കമ്പനി ഈ സ്‌മാർട്ട്‌ഫോൺ പുറത്തിറക്കുമെന്നാണ് ടീസർ ഫോട്ടോ സൂചനകൾ നൽകുന്നത്.
മോട്ടോ ജി35 ഫീച്ചറുകൾ:
യൂറോപ്യൻ മോഡലിന് സമാനമായി ഇന്ത്യൻ പതിപ്പിൽ വീഗൻ ലെതർ ഡിസൈൻ ഉണ്ടായിരിക്കും. കറുപ്പ്, പച്ച, ചുവപ്പ് നിറങ്ങളിലായിരിക്കും ഫോൺ ലഭ്യമാകുക. മോട്ടോ G35 സ്‌മാർട്ട്‌ഫോൺ 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് സ്‌ക്രീൻ ഫീച്ചർ ചെയ്യുമെന്നാണ് സൂചന. കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഫോണിന് ലഭിക്കും. 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിങ് റേറ്റ്, 1000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസ് തുടങ്ങിയവ ഫീച്ചർ ചെയ്യുന്നതായിരിക്കും ഡിസ്‌പ്ലേ.
കുറഞ്ഞത് 4GB റാമും 128GB ഇൻ്റേണൽ സ്റ്റോറേജും ഉള്ള Unisoc T760 ചിപ്‌സെറ്റ് ആയിരിക്കും സജ്ജീകരിക്കുക. 4 ജിബി വരെ റാം വിപുലീകരിക്കാനുമാകും. ആൻഡ്രോയിഡ് 14 അധിഷ്‌ഠിത ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം ഹലോ യുഐ ഫോണിലുണ്ടാകും. ഫോണിന്‍റെ ഇന്ത്യൻ വേരിയന്‍റിൽ 50MP ക്വാഡ്-പിക്‌സൽ പ്രൈമറി ക്യാമറ സെൻസറും 8MP അൾട്രാ വൈഡ് ക്യാമറയും 16MP ഫ്രണ്ട് ക്യാമറയും ആയിരിക്കും ഉണ്ടാകുക.
ബാറ്ററി കപ്പാസിറ്റി പരിശോധിക്കുമ്പോൾ, 5000mAh ബാറ്ററിയാണ് ഇന്ത്യൻ പതിപ്പിന് നൽകുക. 20W വയർഡ് ചാർജിങിനെയായിരിക്കും ഈ ബാറ്ററി പിന്തുണയ്‌ക്കുക. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്നതിനായി IP52 റേറ്റിങ് ആണ് നൽകിയിരിക്കുന്നത്. ഡോൾബി അറ്റ്‌മോസ് പിന്തുണയോടെയുള്ള ഡ്യുവൽ സ്റ്റീരിയോ സ്‌പീക്കറുകളാണ് ഫോണിലുള്ളത്. മോട്ടോ ജി35ന് ഏകദേശം 185 ഗ്രാം ഭാരമുണ്ടാകുമെന്നാണ് വിവരം.