ഹൈദരാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ സെപ്‌റ്റംബർ മാസത്തെ കണക്കുകൾ പുറത്തുവിട്ടു. 1,84,727 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റുപോയത്. ആഭ്യന്തര വിൽപ്പനയും കയറ്റുമതിയും ഉൾപ്പെടെയുള്ള മൊത്തം വിൽപ്പനയുടെ കണക്കുകളാണിത്. മൊത്തം 1,81,343 യൂണിറ്റുകളാണ് 2023 സെപ്റ്റംബറിൽ വിറ്റത്. അതിനെ അപേക്ഷിച്ച് 1.87 ശതമാനം കൂടുതലാണ് കഴിഞ്ഞ മാസത്തെ വിൽപ്പന.
എന്നിരുന്നാലും, ആഭ്യന്തര വിപണിയിൽ കമ്പനിയുടെ വിൽപ്പന കുറഞ്ഞതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2023 സെപ്റ്റംബറിൽ 1,50,812 യൂണിറ്റാണ് ആഭ്യന്തര വിപണിയിൽ വിറ്റത്. കഴിഞ്ഞ മാസത്തിൽ വിൽപ്പന 1,44,962 യൂണിറ്റായി കുറഞ്ഞു. ആഭ്യന്തര വിപണിയിൽ 3.88 ശതമാനം കുറവുണ്ടായതായാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ ഓഗസ്റ്റിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 1.32 ശതമാനത്തിൻ്റെ നേരിയ വർധനവാണ് ഈ മാസത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2024 ഓഗസ്റ്റിൽ 1,43,075 യൂണിറ്റുകളാണ് വിറ്റഴിച്ചത്.
മാരുതി സുസുക്കി എസ് പ്രസ്സോ (ഫോട്ടോ: മാരുതി സുസുക്കി) 2023 സെപ്റ്റംബറിൽ കമ്പനി കയറ്റുമതി ചെയ്‌തത് 22,515 യൂണിറ്റുകളാണ്. കഴിഞ്ഞ മാസം ഇത് 27,728 യൂണിറ്റായി ഉയർന്നു. കൂടാതെ മാരുതി ടൊയോട്ടയ്ക്ക് 2023 സെപ്റ്റംബറിൽ വിറ്റത് 5,726 യൂണിറ്റുകളാണ്. 2024 സെപ്റ്റംബറിൽ വിറ്റത് 8,938 യൂണിറ്റുകളാണ്. 56.10% വാർഷിക വർധനവാണ് ഇത് സൂചിപ്പിക്കുന്നത്.
മാരുതി സുസുക്കി ആൾട്ടോ K10 (ഫോട്ടോ: മാരുതി സുസുക്കി) 2024 സെപ്റ്റംബറിലെ കാറ്റഗറി തിരിച്ചുള്ള വിൽപ്പന പരിശോധിച്ചാൽ, മാരുതി ആൾട്ടോയുടെയും എസ്-പ്രസ്സോയുടെയും മിനി സെഗ്‌മെൻ്റിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം 10,363 യൂണിറ്റുകളാണ് വിറ്റത്. 2023 സെപ്റ്റംബറിൽ ഇത് 10,351 യൂണിറ്റായിരുന്നു. മാരുതി ബലേനോ, സെലേറിയോ, ഡിസയർ, ഇഗ്നിസ്, സ്വിഫ്റ്റ്, വാഗൺ-ആർ എന്നിവ ഉൾപ്പെടുന്ന കോംപാക്റ്റ് സെഗ്‌മെൻ്റിൽ വർഷാവർഷം ഡിമാന്‍റ് കുറയുകയാണ്. 2023 സെപ്റ്റംബറിൽ മൊത്തം 68,551 യൂണിറ്റുകൾ വിറ്റെങ്കിലും 2024 സെപ്റ്റംബറിൽ 60,480 യൂണിറ്റായി കുറഞ്ഞു.
മാരുതി സുസുക്കി ബ്രസ (ഫോട്ടോ: മാരുതി സുസുക്കി) ഡ്രൈവർക്കും യാത്രക്കാർക്കും കൂടുതൽ സൗകര്യങ്ങൾ നൽകുന്ന ഫീച്ചറുകളുമായാണ് മാരുതിയുടെ പുതിയ സ്വിഫ്റ്റ് സ്‌പോർട്‌സ് എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. പുതിയ മോഡലിന്‍റെ വിൽപ്പന ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാരുതി സിയാസിൻ്റെ വിൽപ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ യുവി സെഗ്‌മെൻ്റിൽ വിൽപ്പന കൂടിയിട്ടുണ്ട്. 61,549 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റത്. 2023 സെപ്റ്റംബറിൽ 59,272 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചിട്ടുണ്ട്.
മാരുതി സുസുക്കി ഗ്രാന്‍റ് വിറ്റാര (ഫോട്ടോ: മാരുതി സുസുക്കി) Also Read: മികച്ച മൈലേജ്: കിടിലൻ ഫീച്ചറുകളുമായി പുതിയ മാരുതി സ്വിഫ്‌റ്റ് സിഎൻജി ഇന്ത്യൻ വിപണിയിൽ