ഹൈദരാബാദ്:കഴിഞ്ഞ നവംബറിലാണ് പ്രമുഖ വാഹന നിർമാതാക്കളായ മഹീന്ദ്ര തങ്ങളുടെ ഇലക്‌ട്രിക് വാഹന വിപണിയിലേക്ക് എക്‌സ്‌ഇവി 9ഇ, ബിഇ 6 എന്നിങ്ങനെ രണ്ട് മോഡലുകൾ അവതരിപ്പിച്ചത്. ഇവയുടെ പ്രാരംഭവില കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും വിവിധ വകഭേദങ്ങളുടെ വില പുറത്തുവിട്ടിരുന്നില്ല. ഇരുമോഡലുകളുടെയും വിവിധ ബാറ്ററി പായ്‌ക്കുകളുടെ വേരിയന്‍റ് തിരിച്ചുള്ള വിലകൾ വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി ഇപ്പോൾ. എക്‌സ്‌ഇവി 9ഇ, ബിഇ 6 മോഡലുകളുടെ ബുക്കിങും ഈ മാസം തന്നെ ആരംഭിക്കും.
ബുക്കിങ്, ഡെലിവറി:2025ഫെബ്രുവരി 14ന് രാവിലെ 9 മണി മുതൽ മഹീന്ദ്ര എക്‌സ്‌ഇവി 9ഇ, ബിഇ 6 മോഡലുകളുടെ ബുക്കിങ് ഔദ്യോഗികമായി ആരംഭിക്കും. കൂടാതെ മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇന്ന് (ഫെബ്രുവരി 6) മുതൽ ബുക്കിങ് പ്രിഫറൻസ് ചെയ്യാനാകും. 59 കിലോവാട്ടിന്‍റെ പായ്‌ക്ക് വൺ, പായ്‌ക്ക് വൺ എബോവ്, പായ്‌ക്ക് ടു, പായ്‌ക്ക് ത്രീ സെലക്‌ട്, 79 കിലോവാട്ടിന്‍റെ പായ്‌ക്ക് ത്രീ എന്നീ ബാറ്ററി പായ്‌ക്കുകളിലാണ് മഹീന്ദ്രയുടെ ഈ രണ്ട് ഇലക്‌ട്രിക് കാറുകളും ലഭ്യമാവുക.
ഇതിൽ 79 കിലോവാട്ടിന്‍റെ പാക്ക് ത്രീ വേരിയന്‍റിന്‍റെ ഡെലിവറി 2025 മാർച്ചിൽ ആരംഭിക്കും. പാക്ക് ത്രീ സെലക്‌ട് വേരിയന്‍റിന്‍റെ ഡെലിവറി 2025 ജൂണിലും പാക്ക് ടു വേരിയന്‍റിന്‍റെ ഡെലിവറി 2025 ജൂലൈയിലും പാക്ക് വൺ വേരിയന്‍റിന്‍റെയും പാക്ക് വൺ എബോവ് വേരിയന്‍റിന്‍റെയും ഡെലിവറി 2025 ഓഗസ്റ്റിലും ആരംഭിക്കും.
മഹീന്ദ്ര ബിഇ 6 അഞ്ച് വേരിയന്‍റുകളിൽ ലഭ്യമാണ്. കൂടുതൽ അഡ്വാൻഡ്‌ഡ് ഫീച്ചറുമായെത്തുന്ന ബാറ്ററി പായ്‌ക്കുകൾക്കനുസരിച്ച് ഓരോ മോഡലിന്‍റെ വിലയും വർധിക്കും. 18.90 ലക്ഷം മുതൽ 26.90 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം) മഹീന്ദ്ര ബിഇ 6യുടെ പ്രാരംഭവില. മഹീന്ദ്ര എക്‌സ്‌ഇവി 9ഇ മോഡലിന്‍റെ നാല് വേരിയന്‍റുകളിലാണ് വിൽപ്പനയ്‌ക്കെത്തുക. 21.90 ലക്ഷം മുതൽ 30.50 ലക്ഷം രൂപ വരെയാണ് (എക്‌സ്-ഷോറൂം) എക്‌സ്‌ഇവി 9ഇ യുടെ പ്രാരംഭവില. രണ്ട് കാറുകളുടെയും വ്യത്യസ്‌ത ബാറ്ററി ഓപ്‌ഷനുകളുടെ വില പരിശോധിക്കാം.
ബാറ്ററി പായ്‌ക്ക് | വില (എക്‌സ്-ഷോറൂം) | |
ബിഇ 6 | എക്‌സ്‌ഇവി 9ഇ | |
പായ്‌ക്ക് വൺ (59 കിലോവാട്ട്) | 18.90 ലക്ഷം | 21.90 ലക്ഷം |
പായ്‌ക്ക് വൺ എബോവ് (59 കിലോവാട്ട്) | 20.50 ലക്ഷം | --------- |
പായ്‌ക്ക് ടു (59 കിലോവാട്ട്) | 21.90 ലക്ഷം | 24.90 ലക്ഷം |
പായ്‌ക്ക് ത്രീ സെലക്‌ട് (59 കിലോവാട്ട്) | 24.50 ലക്ഷം | 27.90 ലക്ഷം |
പായ്‌ക്ക് ത്രീ (79 കിലോവാട്ട്) | 26.90 ലക്ഷം | 30.50 ലക്ഷം |