ഹൈദരാബാദ്: ഇരുപത് പേരുടെ ജീവൻ നഷ്‌ടപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത ലെബനൻ സ്‌ഫോടന പരമ്പരയിൽ ലോകം മുഴുവൻ നടുങ്ങിയിരിക്കുകയാണ്. ലെബനനിൽ ഇറാന്‍റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സായുധസംഘടനയായ ഹിസ്‌ബുള്ളയുടെ നിരവധി പേജറുകൾ ഒരേ സമയം പൊട്ടിത്തെറിക്കുകയായിരുന്നു. ലോകത്തെ ഞെട്ടിത്തരിപ്പിച്ച സ്‌ഫോടന പരമ്പരയിലേക്ക് നയിച്ച 'പേജർ' എന്ന കുഞ്ഞൻ ഉപകരണം എന്താണെന്ന് അറിയാമോ?
എന്താണ് പേജർ?
മെസേജുകളും അലേർട്ടുകളും അയക്കാനും സ്വീകരിക്കാനുമായി ഉപയോഗിക്കുന്ന ഒരു ചെറിയ കമ്മ്യൂണിക്കേഷൻ ഉപകരണമാണ് പേജർ. മൊബൈൽ ഫോൺ വരുന്നതിന് മുൻപ് ആശയവിനിമയത്തിനായി ഉപയോഗിച്ചിരുന്ന ഈ ഉപകരണം സിഗ്നൽ ലഭ്യമല്ലാത്ത ഇടങ്ങളിൽ പോലും പ്രവർത്തിക്കും. വലിയ കവറേജ് ഏരിയയുള്ള ഈ ഉപകരണം ബേസ് സ്റ്റേഷനിൽ നിന്നുള്ള റേഡിയോ ഫ്രീക്വൻസി വഴിയാണ് പ്രവർത്തിക്കുന്നത്. സിഗ്നലോ ഇന്‍റർനെറ്റോ ഇല്ലാതെ പ്രവർത്തിപ്പിക്കാവും.
പേജർ (Photo: Getty image) സ്‌മാർട്ട്‌ഫോണുകളെ പോലെ വലിയ ഫീച്ചറുകളില്ലാത്ത ഉപകരണത്തിൽ മെസേജുകൾ വരുമ്പോൾ ഡിസ്‌പ്ലേയിൽ തെളിയും. സന്ദേശം വരുമ്പോൾ ചെറിയ ബീപ് ശബ്‌ദമോ വൈബ്രേഷനോ ഉണ്ടാകും. ദീർഘമായ ബാറ്ററി ലൈഫും പേജറിന്‍റെ മറ്റൊരു പ്രത്യേകതയാണ്.
ഹിസ്‌ബുള്ള പേജർ ഉപയോഗിക്കുന്നത് എന്തുകൊണ്ട്?
പുതുപുത്തൻ ഫീച്ചറുകളുമായി സ്‌മാർട്‌ഫോണുകൾ ഇറങ്ങുന്ന ഇക്കാലത്ത് പേജറുകൾ എന്തിന് ഉപയോഗിക്കുന്നുവെന്നാകും എല്ലാവരും ചിന്തിക്കുക. ഇതിന് കാരണമെന്തെന്നാൽ മൊബൈൽ ഫോൺ പോലെ പേജറിന്‍റെ ലൊക്കേഷൻ ട്രേസ് ചെയ്യാൻ സാധിക്കില്ലെന്നതാണ്.
ഇറാന്‍റെ പിന്തുണയോടെ ലെബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പാണ് ഹിസ്‌ബുള്ള. ആശയവിനിമയത്തിനായി ഹിസ്‌ബുള്ള പേജർ ഉപയോഗിക്കുന്നതിന്‍റെ കാരണം, മൊബൈൽ ഫോൺ പോലെ ശത്രുവിന് എളുപ്പത്തിൽ പേജർ ട്രേസ് ചെയ്യാൻ സാധിക്കില്ല എന്നതുതന്നെ. എങ്കിലും ഹിസ്‌ബുള്ളയുടെ നൂറുകണക്കിന് പേജറുകൾ ഒരേ സമയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ ഹിസ്ബുള്ളയുടെ ആശയവിനിമയ ശൃംഖല തകർക്കപ്പെട്ടു.
പേജറുകൾ പൊട്ടിത്തെറിച്ചതിന് പിന്നിൽ?
ഹിസ്‌ബുള്ളയുടെ പേജറുകൾ ഒരേ സമയം പൊട്ടിത്തെറിച്ചതിന് പിന്നിൽ അവരറിയാതെ പേജറുകളുടെ ഉള്ളിൽ സ്‌ഫോടകവസ്‌തു നിറച്ചതാകാം. ഇത് നിർമാണ കമ്പനിയെ സ്വാധീനിച്ചോ, ഭീഷണിപ്പെടുത്തിയോ ആവാം. അല്ലെങ്കിൽ ഹാക്കിങ് അടക്കമുള്ള മറ്റ് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാവാം. സ്‌ഫോടനത്തിന് പിന്നാലെ പുതിയ പേജർ ലഭിച്ച എല്ലാ പ്രവർത്തകരോടും അത് ഉപേക്ഷിക്കാൻ ഹിസ്ബുള്ള നിർദേശം നൽകിയിട്ടുണ്ട്. യുഎൻ സന്നദ്ധസേനാംഗങ്ങളോടും വയർലെസ് സെറ്റുകളിലെ ബാറ്ററി നീക്കം ചെയ്യാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ആസൂത്രിതമായി നടന്നെന്ന് കരുതുന്ന ആക്രമണത്തിന് പിന്നില്‍ ഇസ്രയേലിന്‍റെ ചാരസംഘടനയായ മൊസാദ് ആണെന്നാണ് ഹിസ്ബുള്ളയുടെ ആരോപണം. ഇസ്രയേല്‍ നടത്തിയ ഹീനമായ ആക്രമണത്തിന് തിരിച്ചടിക്കുമെന്നും ഹിസ്ബുള്ള വാര്‍ത്താക്കുറിപ്പിലൂടെ പ്രഖ്യാപിച്ചിരുന്നു. വിഷയത്തിൽ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും സുരക്ഷ വര്‍ധിപ്പിച്ചുവെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
Also Read: ലെബനനിലെ പേജര്‍ സ്ഫോടനം ;വയനാട് സ്വദേശിയുടെ ബന്ധം ചര്‍ച്ച ചെയ്‌ത് വിദേശ മാധ്യമങ്ങള്‍