ഹൈദരാബാദ്: ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറുമായെത്തുന്ന iQOO 13 ഇന്ത്യയിൽ ലോഞ്ചിന് ഒരുങ്ങുന്നു. ചൈനീസ് വിപണിയിൽ അവതരിപ്പിച്ചതിന് പിന്നാലെ നാളെ (ഡിസംബർ 3) ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സ്‌മാർട്ട്ഫോണിൻ്റെ ഇന്ത്യൻ വേരിയൻ്റിനെ കുറിച്ചും അവയുടെ ഫീച്ചറുകളെ കുറിച്ചും ചില വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
ചൈനീസ് വേരിയൻ്റിൽ നിന്നും ചെറിയ മാറ്റങ്ങളോടെയായിരിക്കും iQOO 13 ഇന്ത്യയിലെത്തുന്നത്. കളർ ഓപ്‌ഷനുകളിൽ മാറ്റം വരുന്നതിനൊപ്പം ബാറ്ററി കപ്പാസിറ്റിയിലും ചെറിയ മാറ്റം വരുമെന്നാണ് റിപ്പോർട്ടുകൾ. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിലും iQOO ഇ-സ്റ്റോറിലും ഈ സ്‌മാർട്ട്‌ഫോൺ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒക്ടോബറിലാണ് ഈ സ്‌മാർട്ട്ഫോൺ ചൈനയിൽ അവതരിപ്പിച്ചത്.
144Hz റിഫ്രഷ് റേറ്റോടെ വരുന്ന 2K AMOLED ഡിസ്‌പ്ലേയുള്ള ഫോണിന് ഫ്ലാറ്റ് സ്ക്രീനാണ് നൽകിയിരിക്കുന്നത്. ക്വാൽകോമിൻ്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറും Q2 സൂപ്പർകമ്പ്യൂട്ടിംഗ് ചിപ്പും മികച്ച ഗെയിമിങ് അനുഭവം നൽകുമെന്നതിൽ സംശയമില്ല. 2K ഗെയിം സൂപ്പർ റെസലൂഷൻ ഫീച്ചർ ഫോണിന്‍റെ ഗ്രാഫിക്‌സ് മെച്ചപ്പെടുത്തും. ഫോൺ അമിതമായി ചൂടാകുന്നത് തടയുന്നതിനായി വേപ്പർ ചേമ്പർ കൂളിങ് സിസ്റ്റവും നൽകിയിട്ടുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 15ൽ പ്രവർത്തിക്കുന്ന ഫോണിന് നാല് വർഷത്തെ സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. സോണി IMX 921 സെൻസറുള്ള 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 50 മെഗാപിക്‌സൽ സോണി പോർട്രെയിറ്റ് സെൻസർ, 50 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറ, 32 മെഗാപിക്‌സൽ സെൽഫി സെൻസർ സജ്ജീകരണത്തോടെയാണ് iQOO 13 വരുന്നത്.