ഹൈദരാബാദ്:ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണി അതിവേഗം വളർന്നുകൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ. 2025ൽ രാജ്യത്തെ സ്‌മാർട്ട്‌ഫോൺ വിപണി 50 ബില്യൺ ഡോളർ (ഏകദേശം 4.2 ലക്ഷം കോടി രൂപ) കടക്കുമെന്നാണ് ഒരു മാർക്കറ്റ് റിസർച്ച് സ്ഥാപനം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇതുവരെ വിപണിയിൽ ഉണ്ടായതിൽ വെച്ച് ഏറ്റവും ഉയർന്ന മൂല്യമാകും ഇത്. 2021ൽ വിപണിയുടെ മൊത്തം മൂല്യം 37.9 ബില്യൺ ഡോളറായിരുന്നു.
ഉയർന്ന സ്‌പെസിഫിക്കേഷനുകളുള്ള പ്രീമിയം ഉപകരണങ്ങൾക്ക് ഇന്ത്യക്കാർക്കിടയിൽ ഡിമാൻഡേറുന്നതാണ് ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയിലെ വളർച്ചയ്‌ക്ക് പിന്നിലെ പ്രധാനകാരണം. കൂടാതെ ഫോൺ നിർമ്മാതാക്കൾ സ്വീകരിക്കുന്ന മൂല്യ കേന്ദ്രീകൃത സമീപനവും മറ്റൊരു കാരണമായി പറയാം. ഇന്ത്യയിൽ സ്‌മാർട്ട്‌ഫോൺ വിപണി വർഷം തോറും 6 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യക്കാരിൽ നല്ലൊരു ഭാഗവും തെരഞ്ഞെടുക്കുന്നത് വില കൂടിയ പ്രീമിയം, അൾട്രാ പ്രീമിയം ഫോണുകളാണ്.
മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൗണ്ടർപോയിന്‍റ് റിസർച്ച് പങ്കിട്ട റിപ്പോർട്ടുകൾ അനുസരിച്ച്, ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയുടെ റീട്ടെയിൽ ശരാശരി വിൽപ്പന വില 2025ൽ ആദ്യമായി 300 ഡോളർ (ഏകദേശം ₹26,000) കടക്കും. ഇത് വിപണിയുടെ മൊത്തം മൂല്യനിർണ്ണയം 50.3 ബില്യൺ ഡോളറിലേക്ക് (ഏകദേശം 4.3 ലക്ഷം കോടി രൂപ) എത്തിക്കും. 2021 ലെ ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയുടെ മൊത്തം മൂല്യം 37.9 ബില്യൺ ഡോളറായിരുന്നു (ഏകദേശം 3.2 ലക്ഷം കോടി രൂപ). രാജ്യത്ത് സ്‌മാർട്ട്‌ഫോണുകളുടെ ആവശ്യം എത്ര വേഗത്തിൽ വർധിച്ചുവെന്ന് മനസിലാക്കുന്നതാണ് കണക്കുകൾ.
പ്രീമിയം ഫോണുകളോടുള്ള പ്രിയമേറുന്നു:
പ്രീമിയം, അൾട്രാ പ്രീമിയം വിഭാഗങ്ങളിലുള്ള സ്‌മാർട്ട്‌ഫോണുകളോട് ഇന്ത്യക്കാർക്ക് പ്രിയമേറുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2025 ൽ ഇന്ത്യയുടെ പ്രീമിയം സ്‌മാർട്ട്‌ഫോൺ വിഭാഗത്തിന്‍റെ മാത്രം വിപണി വിഹിതം 20% വർധിക്കുമെന്നാണ് കൗണ്ടർപോയിന്‍റ് റിസർച്ചിന്‍റെ റിപ്പോർട്ടുകൾ. 30,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകളിലേക്കാണ് ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കൾ ഇപ്പോൾ കൂടുതലായും ആകർഷിക്കപ്പെടുന്നത്. സ്‌മാർട്ട്‌ഫോൺ വാങ്ങുന്നതിനുള്ള ഇന്ത്യക്കാരുടെ മുൻഗണന ഘടകങ്ങൾ മാറുന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് സ്‌മാർട്ട്‌ഫോൺ വിപണിയുടെ മൂല്യനിർണ്ണയത്തെയും അനുകൂലമായി ബാധിക്കുന്നു. ആപ്പിൾ, സാംസങ് തുടങ്ങിയ ബ്രാൻഡുകൾക്കാണ് ഉപയോക്താക്കൾ കൂടുതൽ മുൻഗണന നൽകുന്നത്.