ഹൈദരാബാദ്: മോഡൽ, മൈലേജ്, ഡിസൈൻ, വില എന്നിങ്ങനെ നിരവധി കാര്യങ്ങൾ ശ്രദ്ധിച്ചാണല്ലോ നമ്മൾ ഇരുചക്രവാഹനങ്ങൾ വാങ്ങുന്നത്. ഇതുപോലെ തന്നെ പരിഗണിക്കേണ്ട ഒന്നാണ് ഇരുചക്ര വാഹന ഇൻഷുറൻസ്. ഡ്രൈവിങിനിടയിൽ സംഭവിക്കുന്ന പരിക്കുകൾ, മരണങ്ങൾ എന്നിങ്ങനെയുള്ള അപകടസാധ്യതകൾ പരിഗണിച്ച് ബൈക്ക് വാങ്ങുമ്പോൾ ശരിയായ ടൂവീലർ ഇൻഷുറൻസ് തെരഞ്ഞെടുക്കേണ്ടതുണ്ട്.
ഇന്ത്യൻ റോഡുകളിൽ വാഹനമോടിക്കാൻ ഇൻഷുറൻസ് നിർബന്ധമാണ്. ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ കനത്ത പിഴ ലഭിക്കും. ഇൻഷുർ ചെയ്യുന്ന നിരവധി കമ്പനികൾ വിപണിയിലുണ്ട്. സാധാരണയായി ആളുകൾ ഇരുചക്രവാഹനങ്ങളുടെ ഇൻഷുറൻസ് ഏജൻ്റിൽ നിന്നോ ഓൺലൈൻ പ്ലാറ്റ്‌ഫോം വഴിയോ ഇൻഷുറൻസ് ചെയ്യാറുണ്ട്. എന്നാൽ നമ്മളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് വേണം ഇൻഷുറൻസ് എടുക്കാൻ. അതിനാൽ ഇൻഷുറൻസുകൾ താരതമ്യം ചെയ്‌ത് നിങ്ങളുടെ ആവശ്യകതകൾ നിറവേറ്റുന്നതാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം എടുക്കുക. നിങ്ങൾ ഒരു ബൈക്ക് ഇൻഷുറൻസ് എടുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പരിശോധിക്കാം.
നിങ്ങളുടെ ആവശ്യകത അറിയുക:
ബൈക്ക് ഇൻഷുറൻസ് തെരഞ്ഞെടുക്കുന്നതിന് മുൻപ് നിങ്ങളുടെ ആവശ്യകതയും ബജറ്റും മനസിലാക്കുക. ഇതിനനുസരിച്ച് വേണം ഇൻഷുറൻസ് തെരഞ്ഞെടുക്കാൻ. തേർഡ് പാർട്ടി ഇൻഷുറൻസ്, കോംപ്രിഹെൻസീവ് കവർ ഇൻഷുറൻസ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഇരുചക്ര വാഹന ഇൻഷുറൻസ് ഉണ്ട്. ഇരുചക്രവാഹനത്തിൻ്റെ ഉപയോഗം, നിങ്ങളുടെ ചെലവുകൾ, മറ്റ് ബാധ്യതകൾ എന്നീ കാര്യങ്ങൾ പരിഗണിച്ച് ശരിയായ കവറേജ് വാഗ്‌ദാനം ചെയ്യുന്ന പ്ലാൻ തെരഞ്ഞെടുക്കാവുന്നതാണ്.
സമഗ്രമായ പരിരക്ഷ വാഗ്‌ദാനം ചെയ്യുന്നതാണ് കോംപ്രിഹെൻസീവ് കവർ ഇൻഷുറൻസ്. റോഡിലൂടെയുള്ള ഡ്രൈവിങിൻ്റെ എല്ലാ പ്രതികൂല സാഹചര്യങ്ങളിൽ നിന്നും ഇത് പരിരക്ഷിക്കും. അതിനാൽ തേർഡ് പാർട്ടി ഇൻഷുറൻസിനേക്കാൾ കോംപ്രിഹെൻസീവ് കവർ തെരഞ്ഞെടുക്കുന്നത് എല്ലായ്‌പ്പോഴും ഉചിതമാണ്. ഇനി മറ്റേതെങ്കിലും തരത്തിലുള്ള ഇൻഷുറൻസാണ് വാങ്ങുന്നതെങ്കിൽ, അതിനെക്കുറിച്ച് വിശദമായി മനസിലാക്കേണ്ടതുണ്ട്.
ഇൻഷുറൻസിന്‍റെ മൂല്യം നോക്കുക:
ഇൻഷുറൻസ് ഡിക്ലേർഡ് വാല്യൂ (IDV) എന്നത് ഒരു വാഹനത്തിൻ്റെ നിലവിലെ വിപണി മൂല്യമാണ്. ഒരു ഇൻഷുറൻസ് പോളിസി വാങ്ങുന്ന സമയത്ത് നിശ്ചയിച്ചിട്ടുള്ള പരമാവധി ഇൻഷുറൻസ് തുകയാണ് ഇൻഷുറൻസ് ഡിക്ലേർഡ് വാല്യൂ. വാഹനം മൊത്തത്തിൽ നഷ്‌ടപ്പെടുകയോ മോഷണം പോകുകയോ ചെയ്യുമ്പോൾ നൽകേണ്ട തുകയാണ് ഇത്. വർഷം കഴിയുന്നതിനനുസരിച്ച് വാഹനത്തിന്‍റെ മൂല്യം കുറയുമ്പോൾ, അതിനനുസരിച്ച് ഐഡിവിയും കുറയും. ഇരുചക്ര വാഹന ഇൻഷുറൻസിൻ്റെ പ്രീമിയം നിശ്ചയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഇൻഷുറൻസ് ഡിക്ലേർഡ് വാല്യൂ. അതിനാൽ ഇൻഷുറൻസ് എടുക്കുന്നതിന് മുൻപ് ഇൻഷുറൻസ് ഡിക്ലേർഡ് വാല്യൂ ചോദിച്ച് മനസിലാക്കുക.
നിങ്ങളുടെ ഇൻഷുററെ കുറിച്ച് അന്വേഷിക്കുക:
ഇൻഷുറൻസ് പ്ലാൻ തെരഞ്ഞെടുക്കുമ്പോൾ, നിങ്ങൾക്ക് വിശ്വസനീയമായതും വിശ്വാസ്യതയ്ക്ക് പേരുകേട്ടതുമായ ഒരു ഇരുചക്ര വാഹന ഇൻഷുററെ തെരഞ്ഞെടുക്കുക. ക്ലെയിം സെറ്റിൽമെൻ്റ് അനുപാതം, ക്ലെയിം സെറ്റിൽമെൻ്റ് പ്രക്രിയയുടെ കാര്യക്ഷമത എന്നിവയെ കുറിച്ച് ഇൻഷുററോട് സംസാരിക്കുക.
ഇരുചക്ര വാഹന ഇൻഷുറൻസിന്‍റെ നിബന്ധനകൾ മനസിലാക്കുക:
ബൈക്ക് ഇൻഷുറൻസ് വാങ്ങുന്നതിന് മുൻപ് ഇൻഷുററിൽ നിന്ന് ഇൻഷുറൻസിൻ്റെ എല്ലാ നിബന്ധനകളും വ്യവസ്ഥകളും വായിച്ച് മനസിലാക്കേണ്ടതുണ്ട്. തെരഞ്ഞെടുത്ത പോളിസിയിൽ എന്താണ് കവർ ചെയ്‌തിട്ടുള്ളതെന്നും എന്താണ് പരിരക്ഷിക്കാത്തതെന്നും നിങ്ങൾ അറിഞ്ഞിരിക്കണം.