ഹൈദരാബാദ്:നമ്മളുടെ ജീവിതത്തിൽ നിന്നും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ സ്‌മാർട്ട്‌ഫോൺ ഉപയോഗം. സ്‌മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിനനുസരിച്ച് അത് കൂടുതൽ ചൂടാകും. ഇത് ഫോൺ പൊട്ടിത്തെറിക്കുന്നതിനും ബാറ്ററിയുടെ പ്രവർത്തനം തകരാറിലാകുന്നതിനും ഇടയാക്കാം. അതിനാൽ തന്നെ ഫോണിൻ്റെ താപനില വർധിച്ചാൽ അത് കുറക്കേണ്ടതുണ്ട്. ഇതിനായി നമ്മൾക്ക് എന്തെല്ലാം ക്രമീകരണങ്ങൾ ചെയ്യാമെന്ന് നോക്കാം.
ആവശ്യത്തിന് ശേഷം ബ്ലൂടൂത്ത് ഓഫ് ചെയ്യുക: സ്‌മാർട്ട് വാച്ചുകളും ബ്ലൂടൂത്ത് ഇയർബഡുകളും മറ്റ് മിക്ക ഉപകരണങ്ങളുമായി കണക്‌റ്റ് ചെയ്‌ത നിങ്ങളുടെ ഫോണിൽ ആവശ്യം കഴിഞ്ഞാൽ ബ്ലൂടൂത്ത് ഓഫ് ചെയ്യാൻ പലപ്പോഴും മറക്കാറില്ലേ. ഇത്തരത്തിൽ ബ്ലൂടൂത്ത് ഓഫ് ചെയ്യാതെ വച്ചാൽ പുതിയ ബ്ലൂടൂത്ത് ഉപകരണങ്ങൾക്കായി നിങ്ങളുടെ ഫോൺ സ്‌കാൻ ചെയ്‌തുകൊണ്ടിരിക്കും. ഇത് ഫോൺ ചൂടാകാൻ ഇടയാക്കും. കൂടാതെ നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ അമിതമായി ചൂടുള്ള സമയത്ത് ബ്ലൂടൂത്ത് അല്ലെങ്കിൽ മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകൾ ഓഫാക്കണം.
ബ്രൈറ്റ്‌നസ് കുറയ്‌ക്കുക:ഡിസ്‌പ്ലേ ബ്രൈറ്റ്‌നസ് കൂടുതലാക്കി ക്രമീകരിക്കുന്നത് ഫോൺ ചൂടാകാനിടയാക്കുന്നു. വേനൽക്കാലത്ത് ഫോണിൻ്റെ ബ്രൈറ്റ്‌നസ് കൂടുതലായാലും ഫോൺ ചൂടാകും. അതിനാൽ ബ്രൈറ്റ്‌നസ് കുറച്ച് ഉപയോഗിക്കുക.
ഫ്ലൈറ്റ് മോഡ് ഓണാക്കുക: നിങ്ങളുടെ ഫോൺ പെട്ടെന്ന് ചൂടാകുകയാണെങ്കിൽ, ഉടൻ തന്നെ ഫ്ലൈറ്റ് മോഡ് ഓണാക്കണം. അത്തരം സന്ദർഭങ്ങളിൽ നിങ്ങളുടെ ഫോൺ കുറച്ച് സമയം ഫ്ലൈറ്റ് മോഡിൽ വെച്ചാൽ താപനില സാധാരണ നിലയിലാകും.