ഹൈദരാബാദ്: ബജാജ് ഓട്ടോ ലിമിറ്റഡ് തങ്ങളുടെ ഇലക്ട്രിക് ബൈക്കായ ചേതക് 35 സീരീസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ചേതക് 3501, ചേതക് 3502, ചേതക് 3503 എന്നീ മോഡലുകളാണ് 35 സീരീസിൽ അവതരിപ്പിച്ചിരിക്കുന്നത്. നിരവധി ഫീച്ചറുകളുമായാണ് കമ്പനി പുതിയ സീരീസ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ചേതക് 35 സീരീസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓൺലൈനിലോ ഇന്ത്യയിലെ 200 അംഗീകൃത ബജാജ് ഡീലർഷിപ്പുകൾ വഴി ബുക്ക് ചെയ്യാനാകും.
ചേതക് 3502 മോഡലിന് 1.20 ലക്ഷം രൂപയും 3501 മോഡലിന് 1.27 ലക്ഷം രൂപയുമാണ് വില. 3503 മോഡലിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 4.2 കിലോ വാട്ടിന്റെ ഇലക്ട്രിക് മോട്ടോറാണ് ചേതക് 35 സീരീസിൽ നൽകിയിരിക്കുന്നത്. ഇതിന് 5.6 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കാനാകും. മണിക്കൂറിൽ 73 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും. ഇക്കോ, സ്പോർട്ട് എന്നിങ്ങനെ രണ്ട് റൈഡിങ് മോഡുകളിൽ ചേതക് 35 സീരീസ് ലഭ്യമാകും.
പ്രത്യേക ഫീച്ചറുകൾ:
പുതിയ ഇലക്ട്രിക് സ്കൂട്ടർ അതിൻ്റെ മുൻ മോഡലിനേക്കാൾ ഭാരം കുറഞ്ഞതാണ്. ചേതക് 35 സീരീസിൽ ബാറ്ററിയെ സംരക്ഷിക്കുന്നതിനായി ബാറ്ററി പാക്കിന് ചുറ്റും കൂടുതൽ മെറ്റൽ ഷീറ്റുകൾ കൊണ്ട് ആവരണം നൽകിയിട്ടുണ്ട്. മുൻ മോഡലുകളേക്കാൾ കൂടുതൽ നീളമുള്ള സീറ്റുകളാണ് 35 സീരീസിൽ നൽകിയിരിക്കുന്നത്. 725 എംഎം നീളമുള്ള സീറ്റാണ് നൽകിയിരിക്കുന്നത്. പുതിയ മോഡലിന് മുൻ മോഡലുകളേക്കാൾ 80 എംഎം നീളം അധികമാണ്. സർക്യൂട്ട് സുരക്ഷയ്ക്കായി പുതിയ ഐഫ്യൂസും ഇലക്ട്രിക് മോട്ടോറിനും കൺട്രോളറുകൾക്കുമായി പുതിയ കൂളിങ് ലേഔട്ടും നൽകിയിട്ടുണ്ട്.
ടോപ്പ്-സ്പെക്ക് വേരിയൻ്റായ ചേതക് 3501ൽ ടിഎഫ്ടി ടച്ച്സ്ക്രീൻ പാനലുള്ള സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, മ്യൂസിക് കൺട്രോൾ, ഇൻ്റഗ്രേറ്റഡ് മാപ്പുകൾ, ജിയോഫെൻസിങ് തുടങ്ങിയവ ഫീച്ചർ ചെയ്യുന്നുണ്ട്. പുതിയ കളർ ഓപ്ഷനുകളും 35 സീരീസിൽ ലഭ്യമാണ്. വാഹനത്തിന് ഒരൊറ്റ ചാർജിൽ 153 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 950W ചാർജറിൻ്റെ സഹായത്തോടെ 3 മണിക്കൂറിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജും ലഭിക്കും. 35 ലിറ്റർ അണ്ടർസീറ്റ് സ്റ്റോറേജും ചേതക് 35 സീരീസിൽ ലഭ്യമാവും.