ഹൈദരാബാദ്: ഐഫോൺ 16 ലോഞ്ചിന് പിന്നാലെ പുതിയ ഐമാക് കമ്പ്യൂട്ടർ അവതരിപ്പിച്ച് ആപ്പിൾ. ഏറ്റവും പുതിയ M4 ചിപ്പും ആപ്പിൾ ഇന്‍റലിജൻസും പുതിയ ഉപകരണത്തിൽ ഫീച്ചർ ചെയ്യും. മൾട്ടി-കളർ കോമ്പിനേഷനിലാണ് പുതിയ ഐമാക് കമ്പ്യൂട്ടർ എത്തുന്നത്. പുതിയ M4 ചിപ്പിന് പഴയ M1 ചിപ്പിനെക്കാൾ 1.7 മടങ്ങ് കൂടുതൽ കാര്യക്ഷമതയുള്ളതായാണ് ആപ്പിൾ അവകാശപ്പെടുന്നത്.
ആപ്പിളിൻ്റെ സിലിക്കൺ ചിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ എം 4 ചിപ്പ്. സ്റ്റോറേജിന്‍റെ കാര്യം പരിശോധിച്ചാൽ 16 ജിബി റാം ഉണ്ട്. ഇത് 32 ജിബി വരെയാക്കി അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും. ഇൻ്റൽ കോർ 7 പ്രോസസറുമായി താരതമ്യം ചെയ്യുമ്പോൾ, എം4 ചിപ്പ് 4.5 മടങ്ങ് വേഗതയുള്ളതായിരിക്കുമെന്നാണ് പറയുന്നത്.
4.5K റെറ്റിന ഡിസ്‌പ്ലേ, 24 ജിബി വരെ റാം, 512 ജിബി വരെ ഇന്‍റേണൽ സ്റ്റോറേജ് എന്നീ ഓപ്‌ഷനുകളോടെയാണ് M4 ചിപ്പിൽ പ്രവർത്തിക്കുന്ന പുതിയ ഐമാക് M4 വരുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട്, ടച്ച് ഐഡിയുള്ള മാജിക് കീബോർഡ്, മാജിക് മൗസ്, മാജിക് ട്രാക്ക്പാഡ് തുടങ്ങിയ ആക്‌സസറികളും അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. കൂടാതെ ഐമാക് M4 ആപ്പിൾ ഇൻ്റലിജൻസിനെയും പിന്തുണയ്‌ക്കും.
പുതിയ ഐമാക് M4ന്‍റെ കളർ ഓപ്‌ഷനുകൾ (ആപ്പിൾ)
ആപ്പിൾ ഇൻ്റലിജൻസ്:
പുതിയ ഐമാക് കമ്പ്യൂട്ടറിൽ macOS Sequoia 15.1 ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ആപ്പിളിന്‍റെ എഐ ഫീച്ചറായ ആപ്പിൾ ഇൻ്റലിജൻസിനെ സപ്പോർട്ട് ചെയ്യുന്നതിനാണ് ഈ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ചിരിക്കുന്നത്.
പുതിയ ഐമാക് M4ന്‍റെ സവിശേഷതകൾ:
24 ഇഞ്ച് 4.5K റെറ്റിന ഡിസ്പ്ലേ
10 കോർ സിപിയു + 10 കോർ (കമ്പ്യൂട്ടിങ്) ജിപിയു (ഗ്രാഫിക്‌സ്) പിന്തുണയ്ക്കുന്ന 3nm M4 പ്രോസസർ
500 നിറ്റ് ബ്രൈറ്റ്‌നെസ്
വീഡിയോ റെക്കോർഡിങ് സവിശേഷതയുള്ള 1080 പിക്‌സൽ ശേഷിയുള്ള സെൻട്രൽ സ്റ്റേജ് ക്യാമറ
ഐമാക് കമ്പ്യൂട്ടറിനൊപ്പം പുറത്തിറക്കിയ പുതിയ മാജിക് മൗസിന് 9,500 രൂപയും മാജിക് ട്രാക്ക്പാഡിന് 14,500 രൂപയും ടച്ച് ഐഡിയുള്ള മാജിക് കീബോർഡിന് 19,500 രൂപയുമാണ് വില. എല്ലാ പുതിയ ആപ്പിൾ ഐമാക് M4 മോഡലുകളും ബ്ലൂ, ഗ്രീൻ, ഓറഞ്ച്, പിങ്ക്, പർപ്പിൾ, സിൽവർ, യെല്ലോ എന്നീ നിറങ്ങളിൽ ലഭ്യമാകും. നവംബർ 8 മുതലായിരിക്കും പുതിയ ഐമാക് കമ്പ്യൂട്ടർ വിൽപ്പനയ്‌ക്കെത്തുക. പ്രീ-ഓർഡറുകൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.