ഹൈദരാബാദ്: അടുത്തിടെ ലോഞ്ച് ചെയ്‌ത ആപ്പിളിന്‍റെ ഐഫോൺ 16 സീരിസ് സ്‌മാർട്‌ഫോണുകൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ന് വിൽപ്പനയ്‌ക്കെത്തി. ഐഫോൺ 16 സീരിസിലെ ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നീ മോഡലുകൾ കഴിഞ്ഞ സെപ്‌റ്റംബർ 9ന് ആപ്പിൾ ഇവന്‍റിൽ ആയിരുന്നു അവതരിപ്പിച്ചത്. ഇന്ന് മുതലാണ് ആഗോളതലത്തിൽ വിൽപനയ്‌ക്കായി ലഭ്യമാകുന്നത്.
ഇന്ത്യയിൽ ആപ്പിളിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നും, ഔദ്യോഗിക ആപ്പിൾ സ്റ്റോറുകളിൽ നിന്നും, മറ്റ് തേർഡ് പാർട്ടി റീട്ടെയിലർമാരിൽ നിന്നും ഐഫോൺ 16 ലഭ്യമാകും. 79,900 രൂപയാണ് ഐഫോൺ 16 ന്‍റെ പ്രാരംഭ വില. ആപ്പിൾ ഇന്‍റലിജൻസും, ക്യാമറ കൺട്രോൾ ബട്ടണും, ആക്ഷൻ ബട്ടണുമാണ് ഐഫോൺ 16ലെ അപ്‌ഡേഷനുകളിൽ ശ്രദ്ധേയമായ ഫീച്ചറുകൾ. എന്നാൽ ഐഫോൺ 15ൽ നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഐഫോൺ 16 സീരിസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ഐഫോൺ 16 സീരിസിന്‍റെ പോർഫോമൻസിനെ കുറിച്ച് അറിയാനായി കാത്തിരിക്കുകയാണ് ഐഫോൺ ആരാധകർ. ബേസിക് മോഡലിന് 79,900 രൂപ പ്രാരംഭ വിലയിൽ ആരംഭിക്കുന്ന ഐഫോൺ 16ന്‍റെ മറ്റ് മോഡലുകളുടെ ഇന്ത്യയിലെ വില പരിശോധിക്കാം.
ഐഫോൺ 16 വിവിധ മോഡലുകളുടെ വില:
മോഡൽ | സ്റ്റോറേജ് | |||
128 GB | 256 GB | 512 GB | 1TB | |
ഐഫോൺ 16 | 79,900 രൂപ | 89,900 രൂപ | 1,09,900 രൂപ | |
ഐഫോൺ 16 പ്ലസ് | 89,900 രൂപ | 99,900 രൂപ | 1,19,900 രൂപ | |
ഐഫോൺ 16 പ്രോ | 1,19,900 രൂപ | 1,29,900 രൂപ | 1,49,900 രൂപ | 1,69,900 രൂപ |
ഐഫോൺ 16 പ്രോ മാക്‌സ് | 1,44,900 രൂപ | 1,64,900 രൂപ | 1,84,900 രൂപ |
എവിടെ നിന്ന് വാങ്ങാം?
ഇന്ത്യയിൽ ഐഫോൺ 16 സീരിസിലെ സ്‌മാർട്ട്‌ഫോണുകൾ ആപ്പിളിൻ്റെ ഔദ്യോഗിക ഓൺലൈൻ സ്റ്റോറിൽ നിന്നോ, ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ആമസോൺ, ഫ്ലിപ്‌കാർട്ട്, മറ്റ് മൾട്ടിബ്രാൻഡഡ് സ്റ്റോറുകളായ ക്രോമ, റിലയൻസ് ഡിജിറ്റൽ എന്നിവിടങ്ങളിൽ നിന്നോ വാങ്ങാം. കൂടാതെ ആപ്പിളിൻ്റെ ഡൽഹിയിലെയും മുംബൈയിലെയും ഔദ്യോഗിക റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ലഭ്യമാകും.