ഹൈദരാബാദ്: അടുത്ത വർഷത്തേക്കുള്ള ഐഫോൺ 17ന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ. കുപെർട്ടിനോയിൽ രൂപകൽപ്പന ചെയ്‌ത ഐഫോൺ 17 സാമ്പിൾ മോഡൽ വൻതോതിൽ ഉത്‌പാദിപ്പിക്കുന്നതിനായുള്ള അടുത്ത ഘട്ടത്തിലേക്ക് നീങ്ങാനിരിക്കുകയാണ് കമ്പനി. ഇതിനായി ആപ്പിൾ ആദ്യമായി ഒരു ഇന്ത്യൻ ഫാക്‌ടറിയെ ഉപയോഗിക്കുന്നതായാണ് മാധ്യമ റിപ്പോർട്ടുകൾ.
തങ്ങളുടെ പുതിയ ഉത്‌പന്നത്തിന്‍റെ നിർമാണത്തിനായി ആപ്പിൾ ഇന്ത്യൻ ഫാക്‌ടറി തെരഞ്ഞെടുത്തിരിക്കുകയാണ്. ഇത് ചൈനയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിതരണ ശൃംഖലയെ വൈവിധ്യവത്കരിക്കാനുള്ള ആപ്പിളിന്‍റെ നിരന്തര ശ്രമത്തെയാണ് എടുത്തുകാണിക്കുന്നത്. ആപ്പിളിന്‍റെ ഉത്‌പന്നങ്ങളുടെ നിർമാണത്തിലെ വിവിധ ഘട്ടങ്ങളിലെ ഉത്‌പാദന പ്രക്രിയകൾ ഇന്ത്യൻ ഫാക്‌ടറികളിലേക്ക് മാറ്റി ചൈനയുമായുള്ള അമിത ആശ്രിതത്വം കുറയ്‌ക്കാനായി കമ്പനി സ്ഥിരമായി ശ്രമിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ഇന്ത്യയിലെയും മറ്റ് രാജ്യങ്ങളിലെയും ഐഫോൺ ഉത്‌പാദനം കമ്പനി വർധിപ്പിച്ചിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽ ആപ്പിൾ ഏറ്റവും പുതിയ ഐഫോൺ മോഡലുകൾ നിർമ്മിക്കുന്നുണ്ട്.
എന്നിരുന്നാലും ഭൂരിഭാഗം നിർമാണ ആവശ്യങ്ങളും പൂർത്തീകരിക്കുന്നതിനായി ചൈനയെ തന്നെ ആശ്രയിക്കേണ്ടി വരാറുണ്ട്. തങ്ങളുടെ ഉത്‌പന്നങ്ങളുടെ നിർമ്മാണത്തിൽ കൂടുതൽ രാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് അടുത്ത വർഷം പുറത്തിറങ്ങേണ്ട ഐഫോൺ മോഡലിനായുള്ള എൻപിഐ ചൈനയ്ക്ക് പുറത്തേക്ക് മാറ്റുന്നതിനെ കുറിച്ച് കുപെർട്ടിനോ ആസ്ഥാനമായുള്ള ആപ്പിൾ പറയുന്നത്. ഇത് ആപ്പിളിനെ സംബന്ധിച്ചിടത്തോളം വലിയ ചുവടുവെയ്‌പ്പാണ്.