കോണ്‍വര്‍സേഷണല്‍ എഐയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്) പിന്തുണയുള്ള അലക്‌സ വോയ്‌സ് അസിസ്‌റ്റന്‍റ് അവതരിപ്പിക്കാനൊരുങ്ങി ആമസോണ്‍. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും അലക്‌സയുടെ ലോഞ്ചിങ്. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷനോടായിരിക്കും അലക്‌സ അവതരിപ്പിക്കുകയെന്ന് സിഎന്‍ബിസി ബുധനാഴ്‌ച (മെയ് 22) റിപ്പോര്‍ട്ട് ചെയ്‌തു. എന്നാല്‍ ഈടാക്കാനിരിക്കുന്ന നിരക്കിനെ കുറിച്ച് ആമസോണ്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍ നിലവിലെ ആമസോണിന്‍റെ പ്രൈം സബ്‌സ്‌ക്രിപ്‌ഷനില്‍ ഇത് ഉള്‍പ്പെടുത്തില്ലെന്നാണ് ലഭിക്കുന്ന സൂചന.
മികച്ച വോയ്‌സ് അസിസ്‌റ്റന്‍റ് സേവനമാണ് അലക്‌സയുടേത്. ഇതില്‍ എഐ സാങ്കേതിക വിദ്യ ഉള്‍പ്പെടുത്താനാണ് ആമസോണിന്‍റെ പദ്ധതി. എഐ ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ അലക്‌സയുടെ സംസാരിക്കാനുള്ള കഴിവും ഭാഷ തിരിച്ചറിയാനുള്ള കഴിവുമെല്ലാം കൂടുതല്‍ മെച്ചപ്പെടും. അലക്‌സയുടെ കാര്യത്തില്‍ ഗൂഗിള്‍, ഓപ്പണ്‍ എഐ എന്നിവയുടെ ഭാഗത്ത് നിന്നും മത്സരം കടുത്തതോടെയാണ് ആമസോണിന്‍റെ നീക്കം.