ന്യുഡൽഹി: ഡൽഹിയിൽ യമുന നദിയിലെ ജലനിരപ്പ് അപകട നിലയായ 205.33 മീറ്ററിന് താഴെയായി. അപകട സാധ്യതയുള്ളതിനാൽ നദിക്കരയിലേക്ക് പോകരുതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഞായറാഴ്‌ച അറിയിച്ചിരുന്നു. ശനിയാഴ്‌ച വൈകിട്ട് എട്ട് മണിയോടെ ജലനിരപ്പ് 205.88 മീറ്ററും ഞായറാഴ്‌ച രാവിലെ എട്ട് മണിയോടെ 204.83 മീറ്ററിലും ആയതായി ഫ്ലഡ് കൺട്രോൾ റൂം അറിയിച്ചു.
ഉയർന്ന വൃഷ്‌ടി പ്രദേശങ്ങളിലുണ്ടായ മഴയെ തുടർന്ന് വെള്ളിയാഴ്‌ച(12.08.2022) നദിയിലെ ജലനിരപ്പ് അപകട നിലയായ 205.33 മീറ്ററിന് മുകളിലായിരുന്നു. അതിനാൽ താഴ്‌ന്ന പ്രദേശങ്ങളിൽ നിന്നും 7000 ത്തോളം പേരെ മാറ്റി പാർപ്പിക്കുകയും ചെയ്‌തു. യമുന നദി തീരത്തുള്ളവർക്ക് വേണ്ട എല്ലാ സജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സർക്കാർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഹരിയാനയിലെ യമുന നഗറിലെ ഹത്‌നികുണ്ഡ് ബാരേജിൽ നിന്നുള്ള നീരൊഴുക്ക് ഒരു ലക്ഷം ക്യുസെക്‌സ് കടന്നതോടെ ഡൽഹിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരുന്നു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളെ അന്ന് മാറ്റി പാർപ്പിക്കുമെന്നും 37,000 ത്തോളം ആളുകൾ വെള്ളപ്പൊക്കത്തിന് ഇരയാകാൻ സാധ്യതയുള്ളതായി കണക്കാക്കുന്നു എന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വെള്ളപ്പൊക്ക മേഖലയിലെ താഴ്‌ന്ന പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിച്ച ആളുകളെ ടെന്‍റുകളിലേക്കും സ്‌കൂളുകളിലേക്കും സുരക്ഷിതമായി മാറ്റുകയും ചെയ്‌തു.