ബെംഗളൂരു: രേണുകസ്വാമി വധക്കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന നടൻ ദർശന് വീട്ടിലെ ഭക്ഷണം അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ജയിൽ അധികൃതർക്ക് ഹൈക്കോടതിയുടെ നോട്ടീസ്.
ദർശൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്‌റ്റിസ് എസ് ആർ കൃഷ്‌ണകുമാർ അധ്യക്ഷനായ ബെഞ്ചിൻ്റെ ഉത്തരവ്. ഹർജിക്കാരൻ്റെ ഹർജിയിൽ എതിർപ്പുകൾ രേഖപ്പെടുത്താൻ സംസ്ഥാന സർക്കാരിനും കാമാക്ഷിപാളയ പൊലീസ് സ്‌റ്റേഷൻ ജയിൽ സൂപ്രണ്ടിനും ഹൈക്കോടതി നിർദേശം നൽകി, വാദം കേൾക്കുന്നതിനായി കേസ് മാറ്റിവച്ചു.
വിചാരണയ്ക്ക് മുമ്പുള്ള തടവുകാർക്കും ശിക്ഷിക്കപ്പെട്ട തടവുകാർക്കുമായി വ്യത്യസ്‌ത മാർഗനിർദേശങ്ങളുമുണ്ട്. ഇവരുടെ വാദം കേട്ട ശേഷം തീരുമാനമെടുക്കുമെന്ന് പറഞ്ഞ കോടതി വാദം കേൾക്കുന്നതിനായി വ്യാഴാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു.
എന്താണ് ഹർജിയിൽ പറയുന്നത്?
ജയിലിൽ വിളമ്പുന്ന ഭക്ഷണം ദർശന് ദഹിക്കുന്നില്ലായെന്നും കുറച്ചു ദിവസങ്ങളായി വയറിന് അസുഖമാണെന്ന് അദ്ദേഹം പറഞ്ഞു. പരിശോധിച്ച ഭക്ഷണത്തിൽ വിഷാംശമുള്ള സൂക്ഷ്‌മാണുക്കൾ അടങ്ങിയിട്ടുണ്ടെന്ന് ജയിൽ ഹെൽത്ത് ഓഫീസർ പറഞ്ഞു.
കൂടാതെ ഹർജിക്കാരൻ്റെ ഭാരവും കുറഞ്ഞു. ഇതുമൂലം ജയിലിലെ ഭക്ഷണം കഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. അതിനാൽ വീട്ടിൽ നിന്നുളള ഭക്ഷണം കൊണ്ടുവരാൻ അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ഹൈക്കോടതി ഉത്തരവില്ലാതെ ഹർജിക്കാരന് വീട്ടിൽ നിന്നുളള ഭക്ഷണം നൽകാൻ അനുവദിക്കില്ലെന്ന് ജയിൽ അധികൃതർ വ്യക്‌തമാക്കി.
1963-ലെ കർണാടക ജയിൽ നിയമത്തിലെ സെക്ഷൻ 30 പ്രകാരം വിചാരണ തടവുകാർക്ക് പുറത്ത് നിന്ന് ഭക്ഷണം, വസ്‌ത്രം, കിടക്ക എന്നിവ വാങ്ങാൻ അനുവാദമുണ്ട്. ഈ സമയത്ത് അയാൾ കുറ്റവാളിയല്ല. അതുകൊണ്ട് തന്നെ വീട്ടിൽ നിന്ന് ഭക്ഷണം, കിടക്ക പുസ്‌തകങ്ങൾ, ന്യൂസ് പേപ്പറുകൾ എന്നിവ കൊണ്ടുവരുന്നത് സർക്കാർ ഖജനാവിലെ ചെലവ് കുറയ്ക്കും.
കൂടാതെ തനിക്ക് വീട്ടിലെ ഭക്ഷണം നൽകാത്ത ജയിൽ അധികൃതരുടെ നടപടി മനുഷ്യത്വരഹിതവും ഭരണഘടനയുടെ 21-ാം അനുച്‌ഛേദപ്രകാരം ജീവിക്കാനുള്ള അവകാശത്തിൻ്റെ ലംഘനവുമാണെന്ന് ഹർജിക്കാരൻ പറയുന്നു.
കൊലക്കേസിലെ രണ്ടാം പ്രതിയായ ദർശനെ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത് പ്രകാരം 12 ദിവസത്തെ പൊലീസ് ചോദ്യം ചെയ്യലിന് വിധേയനാക്കി. തുടർന്ന് ജൂൺ 22 മുതൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വാങ്ങിയ ഇയാൾ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.
Also Read: നടിയ്‌ക്ക് അശ്ലീല സന്ദേശം അയച്ചതിന് കൊലപാതകം ; പ്രമുഖ നടൻ ദർശൻ അറസ്റ്റില്‍