കോട്ടയം : ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പായി മാർ തോമസ് (52) തറയിൽ നിയമിതനായി. നിലവിലെ സഹായമെത്രാനാണ് മാർ തോമസ് തറയിൽ. കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ നടന്ന് വരുന്ന സിറോ മലബാർ സഭ സിനഡിലായിരുന്നു തെരഞ്ഞെടുപ്പ്. നിലവിലെ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം 75 വയസ് പൂർത്തിയാക്കി വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം.
സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലും സഭയിലെ മറ്റ് ബിഷപ്പുമാരും പ്രഖ്യാപന ചടങ്ങിൽ സന്നിഹിതരായിരുന്നു. ചങ്ങനാശേരി സെൻ്റ് മേരീസ് കത്തീഡ്രൽ ഇടവക തറയിൽ പരേതനായ ടി. ജെ ജോസഫിന്‍റെയും മറിയാമ്മയുടെയും ഏഴു മക്കളിൽ ഇളയതാണ് മാർ തോമസ് തറയിൽ. 1972 ഫെബ്രുവരി രണ്ടിനാണ് ജനനം. 2000 ജനുവരി ഒന്നിന് ആർച്ച് ബിഷപ് മാർ പവ്വത്തിലിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. അതിരമ്പുഴ, നെടുംകുന്നം, എടത്വാ പള്ളികളിൽ സഹവികാരിയായും താഴത്തുവടകര പള്ളിയിൽ വികാർ അഡ്‌മിനിസ്ട്രേറ്ററായും ശുശ്രൂഷ ചെയ്‌തു.