കോഴിക്കോട് : ഓണാവധിദിവസങ്ങളിൽ പ്രാദേശിക മേഖലകളിൽ കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതിന് കടത്തിക്കൊണ്ടുവരികയും സൂക്ഷിക്കുകയും ചെയ്‌ത വിദേശമദ്യത്തിന്‍റെ വൻശേഖരം ചേവായൂർ പൊലീസ് പിടികൂടി. 280 കുപ്പികളിലായുള്ള 140.5 ലിറ്റർ വിദേശമദ്യമാണ് പിടികൂടിയത്. മദ്യം കടത്തുകയും സൂക്ഷിക്കുകയും ചെയ്‌ത കോവൂർ ഇരിങ്ങാടൻപള്ളി മനാത്താനത്ത് റോഡിൽ കൊളപ്പുറത്ത് പീടികകണ്ടി വീട്ടിൽ മുസ്‌തഫ(56)യെ കസ്റ്റഡിയിലെടുത്തു.
രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് മദ്യം കണ്ടെത്തിയത്. ഇയാളുടെ സ്‌കൂട്ടറിന്‍റെ സീറ്റിന്‍റെ അടിവശം പരിശോധിച്ചപ്പോൾ ഏഴരലിറ്റർ മദ്യം ലഭിച്ചതാണ് അന്വേഷണത്തിന് തുടക്കമിട്ടത്. തുടർന്ന് പ്രതിയുടെ വസ്ത്രം പരിശോധിച്ചപ്പോൾ വസ്ത്രത്തിനുള്ളിൽ സൂക്ഷിച്ച രണ്ടുലിറ്റർ മദ്യംകൂടി കണ്ടെത്തി.
തുടർന്ന് പ്രതിയെ ചോദ്യം ചെയ്‌ത് വീടും പരിസരവും പരിശോധിച്ചു. തുടർന്ന് വീടിനോട് ചേർന്ന ഷെഡ്ഡിൽ ഒളിപ്പിച്ച നിലയിൽ 131 ലിറ്റർ മദ്യവും കണ്ടെത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ചേവായൂർ എസ്‌ഐ നിമിൻ കെ ദിവാകരന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.