ഡൽഹി: ഒൻപത് സംസ്ഥാനങ്ങളിലെ ഒഴിവുള്ള 12 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. സെപ്റ്റംബർ 3 ന് തെരഞ്ഞെടുപ്പ് നടക്കും. അസം, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ത്രിപുര, ബിഹാർ, ഹരിയാന, രാജസ്ഥാൻ, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഓഗസ്‌റ്റ് 21 വരെയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. അസം, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഓഗസ്‌റ്റ് 26 വരെയും മറ്റിടങ്ങളിൽ ഓഗസ്‌റ്റ് 27 വരെയുമാണ്. ഓഗസ്‌റ്റ് 22നാണ് നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന.
സെപ്‌തബർ മൂന്നിന് രാവിലെ 9 മുതൽ 4 വരെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണൽ വൈകീട്ട് അഞ്ചിന് നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അസം, ബിഹാർ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ രണ്ട് സീറ്റ് വീതവും മറ്റ് സംസ്ഥാനങ്ങളിൽ ഓരോ സീറ്റ് വീതവുമാണ് ഒഴിഞ്ഞുകിടക്കുന്നത്.