പാലോട് ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം; പരിഭ്രാന്തരായി പ്രദേശവാസികൾ - Wild elephants found in Palod

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Mar 18, 2024, 3:34 PM IST

തിരുവനന്തപുരം:പാലോട് ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി. സമീപത്തുള്ള ആറ്റിൽ നിന്ന് വെള്ളം കുടിക്കാനാണ് കാട്ടാനക്കൂട്ടം എത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. പാലോട്- മങ്കയം ചെക്ക് പോസ്റ്റിന് സമീപം ആണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. കൂട്ടത്തിൽ കുട്ടിയാന ഉൾപ്പെടെ 8 കാട്ടാനകൾ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ആനക്കൂട്ടം ഇറങ്ങിയതോടെ നാട്ടുകാർ പരിഭ്രാന്തരായി. ആനക്കൂട്ടത്തെ പ്രദേശത്ത് നിന്നും ഓടിക്കാൻ ശ്രമിച്ചെങ്കിലും പിന്തിരിയാതെ നിൽക്കുകയായിരുന്നു. നാട്ടുകാർ ശബ്‌ദമുണ്ടാക്കിയതിന് ശേഷമാണ് ആനക്കൂട്ടം തിരികെ കാട്ടിലേക്ക് കയറിയത്. കുറച്ച് നാളായി ഈ മേഖലയിൽ കാട്ടാന സാന്നിധ്യം കുറവായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഇപ്പോൾ വീണ്ടും കാട്ടാന ഇറങ്ങിയിരിക്കുകയാണ്. തുടർച്ചയായി ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്നത് ജനങ്ങളിൽ ഭീതി പരത്തുന്നുണ്ട്. ജനവാസ മേഖലകളിലേക്ക് കാട്ടാന ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം കടുത്ത വേനൽ ആയതിനാൽ കാട്ടിൽ വെള്ളം ലഭിക്കാതെ വരുമ്പോൾ ആനക്കൂട്ടം കാടിറങ്ങി വരാനിടയുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. സമീപത്ത് താമസിക്കുന്നവർ  ജാഗരൂകരായിരിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.