ഹേമ കമ്മിറ്റി റിപ്പോർട്ട്: 'സർക്കാരിന് ഒന്നും മറയ്‌ക്കാനില്ല, പരാതി ലഭിച്ചാൽ നടപടിയെടുക്കും'; മന്ത്രി വി എൻ വാസവൻ - VN Vasavan On Hema Committee Report - VN VASAVAN ON HEMA COMMITTEE REPORT

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Aug 22, 2024, 4:37 PM IST

കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന് ഒന്നും ഒളിക്കാനില്ലെന്ന് മന്ത്രി വി എൻ വാസവൻ. എറണാകുളത്ത് നടിക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ മനസിലാക്കാൻ ഒരു കമ്മിറ്റി വേണമെന്ന ആവശ്യമുയർന്നത്. അതിന് വേണ്ടി സർക്കാർ കൃത്യമായ ഒരു കമ്മിറ്റിയെ നിയോഗിച്ചു. അതാണ് ഹേമ കമ്മിഷൻ. അവർ കൃത്യമായി അന്വേഷിക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്‌തുവെന്ന് മന്ത്രി പറഞ്ഞു. മുദ്രവെച്ച കവറിൽ പൂർണ്ണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിന് സർക്കാരിന് തടസങ്ങൾ ഇല്ല. റിപ്പോർട്ട് പുറത്തുവിടുന്ന ഘട്ടത്തിൽ കോടതിയും ഇടയ്‌ക്ക് സ്‌റ്റേ ചെയ്‌തിരുന്നുവെന്നും, ഗവൺമെന്‍റ് ആരെയും രക്ഷിക്കാൻ ശ്രമിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. എത്ര ഉന്നതരാണെങ്കിലും തെറ്റ് കണ്ടാൽ ആ തെറ്റിന്‍റെ മുമ്പിൽ മാറി നിൽക്കുന്ന ഒരു ഗവൺമെന്‍റ് അല്ല ഇതെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നതായി മന്ത്രി അറിയിച്ചു. കോടതി പറഞ്ഞിരുന്നത് പോലെയാണ് ഗവൺമെന്‍റ് കാര്യങ്ങൾ ചെയ്‌തിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൊഴി നൽകിയവർ പരാതിപ്പെടാതെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാത്രം നടപടിയെടുക്കാൻ സാധിക്കില്ലെന്ന് മന്ത്രി അറിയിച്ചു. അതേസമയം, റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സിനിമ മേഖല ആകെ മോശമാണെന്ന് പറയാൻ കഴിയില്ല. ഉന്നതമായ കലാമൂല്യമുള്ള നിരവധി സിനിമകളും സമൂഹത്തിന് വിലപ്പെട്ട സംഭാവനകളും സിനിമ ലോകത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത്തരത്തിൽ തെറ്റായ പ്രവണതകളും ആ മേഖലയിൽ ഉണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ മനസിലാക്കാൻ സാധിച്ചു. സർക്കാർ ഇതിനെതിരെ സുതാര്യമായ നിലപാടാണ് സ്വീകരിച്ചത്. ലോക്കേഷനിലെ ലഹരി ഉപയോഗത്തിന് തടയിടാൻ സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.