വണ്ടിപ്പെരിയാര്‍ പെൺകുട്ടിയുടെ കുടുംബത്തിന്‍റെ കടബാധ്യത ഏറ്റെടുക്കും, വീട് പൂര്‍ത്തീകരിക്കും : സിപിഎം - സിപിഎം ഇടുക്കി ജില്ല കമ്മിറ്റി
🎬 Watch Now: Feature Video
Published : Jan 28, 2024, 12:57 PM IST
ഇടുക്കി : വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് സഹായം നൽകുമെന്ന് സിപിഎം(Vandiperiyar murder case). പെൺകുട്ടിയുടെ കുടുംബത്തിന്‍റെ കടബാധ്യതകൾ സിപിഎം ഏറ്റെടുക്കുമെന്ന് ഇടുക്കി ജില്ല സെക്രട്ടറി സിവി വർഗീസ് പറഞ്ഞു. കുട്ടിയുടെ പണിപൂർത്തിയാകാത്ത വീട് ജില്ല കമ്മിറ്റി പൂർത്തീകരിച്ചുനൽകും. കുട്ടി കൊല്ലപ്പെടുന്നതിനും മുമ്പ് കുടുംബം പീരുമേട് കാർഷിക വികസന ബാങ്കിൽ നിന്നും വീട് വയ്ക്കുന്നതിന് വേണ്ടി എടുത്ത ലോൺ ആണ് കുടിശ്ശികയായത്. നാലുലക്ഷം രൂപ എടുത്തത് വർഷങ്ങൾ പിന്നിട്ടപ്പോൾ തിരിച്ചടവില്ലാതെ 7 ലക്ഷം രൂപയോളം കുടിശ്ശികയായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബാങ്കിന് നിയമപരമായി ജപ്‌തി നടപടിയിലേക്ക് നീങ്ങേണ്ട സാഹചര്യം ഉണ്ടായത്. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സിപിഎം ജില്ല കമ്മിറ്റി ആവശ്യമായ കൂടിയാലോചനകൾ നടത്തി കടബാധ്യത ഏറ്റെടുക്കുവാൻ തീരുമാനിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. പ്രതി അർജുനെ വെറുതെ വിട്ടപ്പോൾ തന്നെ ,വിധി അംഗീകരിക്കാൻ ആവില്ലെന്നും അപ്പീൽ പോകാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയും സിപിഎമ്മും വ്യക്തമാക്കിയിരുന്നു. കേസിന്‍റെ വിധിയിൽ അപ്പീൽ നടപടികളിലേക്ക് കടന്നിരിക്കുകയാണ് പ്രോസിക്യൂഷൻ.