തൃപ്പൂണിത്തുറ ചൂരക്കാട് സ്ഫോടനം; മരണം രണ്ടായി - തൃപ്പൂണിത്തുറ ചൂരക്കാട് സ്ഫോടനം
🎬 Watch Now: Feature Video
Published : Feb 12, 2024, 10:54 PM IST
എറണാകുളം: തൃപ്പൂണിത്തുറ ചൂരക്കാട് പ്രദേശത്ത് പുതിയകാവ് ക്ഷേത്രോത്സവത്തിനായി എത്തിച്ച പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി.പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ദിവാകരൻ(55) ആണ് മരിച്ചത്. ദിവാകരനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുയും ചെയ്‌തിരുന്നു. വൈകുന്നേരം ഏഴുമണിയോടെ മരണം സംഭവിച്ചത്. തിരുവനന്തപുരം സ്വദേശി വിഷ്‌ണു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നു. അതേ സമയം അനധികൃതമായി സ്ഫോടക വസ്‌തുകൾ കൈകാര്യം ചെയ്‌ത കുറ്റത്തിന് പുതിയകാവ് ദേവസ്വം സെക്രട്ടറി സജീഷ് ഉൾപ്പെടെ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്‌തു. അപകടത്തിൽ സാരമായി പരുക്കേറ്റ 4 പേരാണ് കളമശേരിയിലെ എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരെ ഐ.സി. യു വിലാണ് പ്രവേശിപ്പിരിക്കുന്നത്. കൊല്ലം പാരിപ്പിള്ളി സ്വദേശി അനിൽ (49) നെ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയമാക്കി. മധുസൂദനൻ (60), ആദർശ് (29), ആനന്ദൻ (69) എന്നിവരും ഐ. സി. യു വിൽ ചികിത്സയിലാണ് .
ഇവർക്ക് വിദഗ്‌ധ ഡോക്‌ടർമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ച് ചികിത്സ ലഭ്യമാക്കിവരുന്നതായി മെഡിക്കൽ കോളേജ് അറിയിച്ചു. സ്ഫോടനം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘവും, സ്ഫോടക വിദഗ്‌ധരുമെത്തി പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്‌തു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ മനസികമായി തകർന്ന സമീപവാസികൾക്ക് വേണ്ടി തൃപ്പൂണിത്തുറ മുൻസിപാലിറ്റിയുടെ നേതൃത്വത്തിൽ കൗൺസിലിംഗ് തുടങ്ങി. സ്ഫോടനത്തിലുണ്ടായ നാശനഷ്ട്ടങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ റവന്യുവകുപ്പ് ഉദ്യോഗസ്ഥരെത്തി വീടുകളിൽ പരിശോധന നടത്തി.