'ബ്രിട്ടീഷ് ഭരണകാലത്തുപോലും ഇല്ലാത്ത നടപടികള്‍' ; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങി പൂപ്പാറയിലെ വ്യാപാരികള്‍ - Traders will boycott the election

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Mar 18, 2024, 8:07 PM IST

ഇടുക്കി : തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി ഇടുക്കി പൂപ്പാറയിലെ വ്യാപാരികള്‍. ബ്രിട്ടീഷ് ഭരണകാലത്ത് പോലും ഇല്ലാത്ത നടപടികളാണ് വ്യാപാരികളുടെ മേല്‍ അടിച്ചേല്‍പ്പിയ്ക്കുന്നതെന്ന ആക്ഷേപവുമായാണ് ഇവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത്. പൂപ്പാറയിലെ വ്യാപാരികള്‍ക്ക് ഐക്യദാർഢ്യവുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്തെത്തി. പന്നിയാര്‍ പുഴയോരം കൈയേറി പൂപ്പാറയില്‍ കച്ചവടം നടത്തിയിരുന്ന 56 സ്ഥാപനങ്ങള്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് ഒഴിപ്പിച്ചിരുന്നു. ചെറുകിട കച്ചവടക്കാരായ ഇവരില്‍ പലരും ഇതേ കെട്ടിടങ്ങളിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. പ്രദേശവാസികളുടെ പുനരധിവാസം ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും അതുവരെ കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിയ്ക്കാന്‍ അനുവാദം ഉണ്ടായിരുന്നില്ല. ഇതോടെ ഇവിടെ വ്യാപാരം നടത്തിയിരുന്നവര്‍ വന്‍ പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് ഇലക്ഷന്‍ ബഹിഷ്‌കരിയ്ക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. സംസ്ഥാനത്തെ മറ്റ്, പുഴകളോട് ചേര്‍ന്നും സമാനമായ നിര്‍മ്മാണങ്ങള്‍ ഉണ്ടെങ്കിലും പൂപ്പാറക്കാരെ മാത്രം ഒഴിപ്പിയ്ക്കുന്ന നടപടി അംഗീകരിയ്ക്കാനാവില്ലെന്ന നിലപാടിലാണ് മര്‍ച്ചന്‍റ് അസോസിയേഷന്‍. പൂപ്പാറയിലെ വ്യാപാരികളും കുടുംബാംഗങ്ങളും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും അവരുടെ കുടുംബാംഗങ്ങളും തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് മര്‍ച്ചന്‍റ് അസോസിയേഷന്‍ വ്യക്തമാക്കി. കടകള്‍ അടച്ചതോടെ പൂപ്പാറയിലെ വ്യാപാരികളും, സ്ഥാപനങ്ങളെ ആശ്രയിച്ച് ജീവിച്ചിരുന്നവരും പ്രതിസന്ധിയിലാണ്. വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ നിരവധി ആളുകളുടെ ആശ്രയമായ മലയോര പട്ടണം ഇപ്പോള്‍ വിജനമായ അവസ്ഥയിലാണ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.