കൈതചാമുണ്ടിയെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്ക്, മുടിയഴിക്കും മുൻപ് അടി കൊടുത്ത് ജനം - കൈത ചാമുണ്ഡി തെയ്യം
🎬 Watch Now: Feature Video
Published : Feb 8, 2024, 9:41 AM IST
|Updated : Feb 8, 2024, 5:17 PM IST
കണ്ണൂർ: കണ്ണൂരിൽ തെയ്യം കെട്ടിയ ആളെ സംഘം ചേർന്ന് മർദ്ദിച്ച് നാട്ടുകാർ. തില്ലങ്കേരിയിൽ ഇന്നലെ (ബുധൻ) വൈകീട്ട് ആണ് സംഭവം. പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈത ചാമുണ്ഡി തെയ്യം കെട്ടിയ ആളാണ് നാട്ടുകാരുടെ മർദ്ദനത്തിനിരയായത്. കൈത ചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടിക്ക് പരിക്കേറ്റതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ഉഗ്ര മൂർത്തിയായി അരങ്ങിൽ എത്തുന്ന തെയ്യങ്ങളിൽ ഒന്നാണ് കൈത ചാമുണ്ടി. വടക്കൻ മലബാറിൽ അപൂർവ്വം കാവുകളിൽ മാത്രമാണ് കൈത ചാമുണ്ഡി കെട്ടിയാടാറുള്ളത്.
കൈത വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്നതാണ് പ്രധാന ചടങ്ങ്. ഇതിനിടെ തെയ്യം ഉഗ്ര രൂപത്തിൽ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്നത് ആണ് പതിവ്. അതാണ് തില്ലങ്കേരിയിൽ കൈവിട്ടു പോയത്. ചാമുണ്ഡിയെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്കേറ്റു. ഇതോടെ നാട്ടുകാരിൽ ഒരു വിഭാഗം തെയ്യം കെട്ടിയ ആളെ മുടിയഴിക്കും മുൻപ് തന്നെ കൈകാര്യം ചെയ്‌തു. ഒടുവിൽ പൊലീസും ഉത്സവ കമ്മിറ്റിക്കാരും എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ ആർക്കും പരാതിയില്ലാതത്തിനാൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.