മാർച്ച് ഏഴിന് റേഷൻ കടകൾ അടച്ചിടും; സമരത്തിന് ആഹ്വാനം ചെയ്‌ത് വ്യാപാരി സംഘടകള്‍ - റേഷൻ വ്യാപാരി കട സമരം
🎬 Watch Now: Feature Video
Published : Mar 2, 2024, 3:11 PM IST
ഇടുക്കി : മാർച്ച് ഏഴിന് റേഷൻ കടകൾ അടച്ചിട്ട് വ്യാപാരി സംഘടകള്‍ സമരം നടത്തും. യൂണിയൻ പ്രതിനിധികളുമായി മന്ത്രി ജി ആർ അനില്‍ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് കടയടപ്പ് സമരം (Ration Traders Unions Strike On March 7). ഇടുക്കി ജില്ലയിലെ മുഴുവൻ റേഷൻ കടകളും അടച്ചിടുന്നതിനൊപ്പം കലക്‌ട്രേറ്റിന് മുമ്പിലേക്ക് മാർച്ചും ധർണയും നടത്തും. വേതന പാക്കേജ് കാലാനുസൃതമായി പരിഷ്‌കരിക്കുക, കെ.ടി.പി.ടി.എസ് ഓഡറില്‍ റേഷൻ വ്യാപാരികളുടെ അവകാശങ്ങള്‍ അംഗീകരിക്കുക, ക്ഷേമനിധിയില്‍ സർക്കാർ വിഹിതം ഉറപ്പാക്കി പരിഷ്‌കരിക്കുക, വ്യാപാരികള്‍ക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സംസ്ഥാനത്തെ പതിനാലായിരത്തോളം വ്യാപാരികളില്‍ 9909 പേർക്കും നിലവിലെ വേതനംകൊണ്ട് കട നടത്താൻ കഴിയാത്ത സ്ഥിതിയാണെന്ന് ഒരുവർഷത്തെ വേതന കണക്കുകള്‍ നിരത്തി സംഘടന പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു. 2402 കടക്കാർ സ്വന്തം കൈയില്‍നിന്ന് പണംമുടക്കിയാണ് കട വാടകയും വൈദ്യുതി ബില്ലും സെയില്‍സ്‌മാനുള്ള വേതനവും നല്‍കുന്നത്. ഇത്തരം കടകള്‍ അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. 183 കടക്കാർക്ക് 10,000ത്തില്‍ താഴെ മാത്രമാണ് വരുമാനമെന്നും നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.