പൂർണ ഗർഭിണിയായ പശു കമുകിൻ തോട്ടത്തിലെ കിടങ്ങിൽ വീണു ; രക്ഷപ്പെടുത്തി മുക്കം അഗ്നിശമന സേന - കിടങ്ങിൽ വീണ് പശു
🎬 Watch Now: Feature Video
Published : Feb 6, 2024, 9:12 PM IST
കോഴിക്കോട് : കമുകിൻ തോട്ടത്തിലെ കിടങ്ങിൽ വീണ, പൂർണഗർഭിണിയായ പശുവിനെ രക്ഷിച്ചു (Pregnant cow fell into trench). മുക്കം അഗ്നിശമന സേനയാണ് പശുവിനെ രക്ഷപ്പെടുത്തിയത്. കീഴുപറമ്പ് വാലില്ലാപ്പുഴയിൽ താമസിക്കുന്ന പാലക്കുടിയിൽ ജോർജിൻ്റെ മൂന്ന് വയസ് പ്രായമുള്ള പശുവാണ് ഒരാൾ താഴ്‌ചയുള്ള ഇടുങ്ങിയ കിടങ്ങിൽ വീണത്. ജോർജിൻ്റെ തന്നെ കമുകിന്‍ തോട്ടത്തിലെ കിടങ്ങിലാണ് പശു വീണത്. ആദ്യം വീട്ടുകാർ പശുവിനെ രക്ഷിക്കാൻ പരിശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. തുടർന്ന് മുക്കം ഫയർ യൂണിറ്റിൽ വിവരം അറിയിക്കുകയായിരുന്നു. സീനിയർ ഫയർ & റെസ്ക്യു ഓഫിസർ എൻ രാജേഷിൻ്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്‌സ് സംഘം ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. രണ്ടര ക്വിൻ്റൽ ഭാരമുള്ള പശുവിനെ റെസ്ക്യു ബെൽറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മുകളിലേക്ക് വലിച്ചുകയറ്റി. ഫയർ& റെസ്ക്യു ഓഫീസർമാരായ കെ ടി ജയേഷ്, കെ പി അമീറുദ്ദീൻ, കെ രജീഷ്, ടി പി ഫാസിൽ അലി, കെ ടി സാലിഹ്, ഹോം ഗാർഡ് സി രാധാകൃഷ്‌ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.