കവിത പോലെ തന്നെ, കവിക്ക് കൃഷിയും; മട്ടുപ്പാവില്‍ ജൈവകൃഷി ചെയ്‌ത് ഹൈറേഞ്ചിൻ്റ പ്രിയ കവി കാഞ്ചിയാർ രാജൻ - ജൈവപച്ചക്കറി കൃഷി
🎬 Watch Now: Feature Video
Published : Jan 28, 2024, 6:04 PM IST
ഇടുക്കി: ടെറസിലും തൊടിയിലും ജൈവപച്ചക്കറി കൃഷിയില്‍ മാതൃകയായി ഒരു കവി. വീടിന്‍റെ മട്ടുപ്പാവില്‍ പച്ചക്കറി കൃഷി ചെയ്‌ത് ഹൈറേഞ്ചിൻ്റ പ്രിയ കവിയും സാംസ്‌കാരിക പ്രവർത്തകനുമായ കാഞ്ചിയാർ രാജനാണ് നാട്ടുകാർക്ക് മാതൃകയാകുന്നത്. കാഞ്ചിയാർ മേമുറി സ്വദേശിയാണ് ഇദ്ദേഹം. കവിതയെഴുത്തിനും പൊതു പ്രവർത്തനത്തിനുമിടയിൽ ലഭിക്കുന്ന സമയമാണ് ഇദ്ദേഹം കൃഷിക്കായി ഉപയോഗിക്കുന്നത്. തൊടിയിൽ വീട്ടാവശ്യത്തിന് കൃഷി ചെയ്‌തിരുന്ന രാജൻ 2018 മുതലാണ് ടെറസിൽ പച്ചക്കറി കൃഷിയാരംഭിച്ചത്. പച്ചമുളക്, തക്കാളി, വിവിധയിനം ചീര തുടങ്ങിയ കൃഷികളാണ് ടെറസിൽ നടത്തുന്നത്. ടെറസിലെ കൃഷിയോടൊപ്പം തൊടിയിൽ പയർ, ചീര, ചേമ്പ്, ചേന തുടങ്ങിയ കൃഷിയുമുണ്ട്. സർക്കാർ സർവ്വീസിൽ നിന്നും പടിയിറങ്ങിയ കാഞ്ചിയാർ രാജൻ സജീവ രാഷ്ട്രിയത്തിൽ ഇറങ്ങി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആയി പ്രവർത്തിച്ചു. പൊതു പ്രവർത്തിനിടയിലും കൃഷിയെ കൈവിടാതെ മുന്നോട്ട് പോവുകയാണ് ഹൈറേഞ്ചിൻ്റെ പ്രിയ കവി. കൾച്ചറും അഗ്രികൾച്ചറും ചേർന്ന് കിടക്കുന്ന ഒന്നാണെന്നാണ് ഇദ്ദേഹം പറയുന്നത്. ചെറുപ്പം മുതൽ കൃഷിയെ സ്നേഹിച്ച രാജൻ, വിദ്യാഭ്യാസം പൂർത്തിയായതോടെ സർക്കാരിൻ്റെ സേവകനായി മാറി. സർക്കാർ ജോലിക്കിടയിലും ഒഴിവ് സമയത്ത് തൊടിയിൽ പച്ചക്കറി കൃഷി ചെയ്യുമായിരുന്നു ഇദ്ദേഹം. ചെറുപ്പത്തിൽ തന്നെ തന്നിലെ കവിയെയും നാട്ടുകാർ തിരിച്ചറിഞ്ഞിരുന്നു. കാഞ്ചിയാർ രാജൻ യുവാവായിരുന്ന കാലത്ത് തന്നെ ഹൈറേഞ്ചിൻ്റെ പ്രിയ കവിയായും മാറി. രാജൻ കവിതയെ സ്നേഹിക്കും പോലെ തന്നെ കൃഷിയെയും സ്നേഹിച്ചു. കവിതയും കൃഷിയുമില്ലാതെ കാഞ്ചിയാറിൻ്റെ പ്രിയ കവിക്ക് മറ്റൊരു ജീവിതമില്ല. മണ്ണിൽ പണിയുന്നതിൽ പ്രായം തളർത്തുന്നുണ്ടെങ്കിലും പണിയെടുക്കുന്നത് കവിത എഴുതുന്നതുപോലെ സന്തോഷകരമാണന്നും വീടുകളിൽ എല്ലാവരും ജൈവ പച്ചക്കറി കൃഷി ചെയ്‌ത് മാതൃകയാവണമെന്നും കാഞ്ചിയാർ രാജൻ ഓർമ്മിപ്പിക്കുന്നു.