കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ പൗരത്വ നിയമം കടലിൽ എറിയും : എംകെ. രാഘവൻ എംപി - Loksabha Election 2024
🎬 Watch Now: Feature Video
Published : Mar 12, 2024, 1:04 PM IST
കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എറിയുമെന്ന് എം.കെ. രാഘവൻ എംപി. കോൺഗ്രസ് ആദ്യമേ തന്നെ ബില്ലിനെ ശക്തമായി എതിർത്തിരുന്നു. 2014 ഡിസംബര്‍ 31ന് മുൻപ് ഇന്ത്യയിലേക്ക് വന്നവർക്ക് പൗരത്വം കൊടുക്കാം എന്ന ബില്ലിൽ എന്തുകൊണ്ട് മുസ്ലിം ജനവിഭാഗത്തെ മാത്രം ഒഴിവാക്കിയെന്നും എം.കെ. രാഘവന്‍ എംപി ചോദിച്ചു. മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള മോദി സർക്കാരിന്‍റെ നീക്കത്തെ ചെറുക്കും. എസ്ബിഐ ബോണ്ട് കേസിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ സിഎഎ പ്രാബല്യത്തിൽ കൊണ്ടുവരുന്നതെന്നും എം.കെ. രാഘവൻ എംപി ആരോപിച്ചു. ബിജെപിയുടെ വർഗീയ അജണ്ട ഇവിടെ നടപ്പാകാൻ പോകുന്നില്ല. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വിഭജനത്തിനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ദക്ഷിണേന്ത്യ പിടിക്കാൻ ബിജെപിക്ക് കഴിയില്ല. ഇന്ത്യ മുന്നണി ശക്തമായി മുന്നോട്ട് പോവുകയാണ്. 2004ൽ വാജ്പേയിക്ക് സംഭവിച്ചത് 2024ല്‍ നരേന്ദ്ര മോദിക്ക് സംഭവിക്കുമെന്നും എം.കെ. രാഘവൻ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.