കട്ടപ്പനയുടെ ജനപ്രിയൻ ; എംജെ ജോർജ് കുട്ടിക്ക് മികച്ച വില്ലേജ് ഓഫിസര്‍ക്കുള്ള പുരസ്‌കാരം

By ETV Bharat Kerala Team

Published : Mar 1, 2024, 1:20 PM IST

thumbnail

ഇടുക്കി : ജില്ലയിലെ മികച്ച വില്ലേജ് ഓഫിസർക്കുള്ള റവന്യൂ വകുപ്പിൻ്റെ അവാർഡ് കട്ടപ്പന വില്ലേജ് ഓഫിസർക്ക്. കട്ടപ്പന പേഴുംകവല മണക്കാട്ട് എംജെ ജോർജ് കുട്ടിക്കാണ് സംസ്ഥാന സർക്കാരിൻ്റെ അംഗീകാരം (Best Village Officer Award). ഒന്നര വർഷം മുൻപാണ് ജോർജ് കുട്ടി കട്ടപ്പന വില്ലേജ് ഓഫിസറായി ചാർജെടുത്തത്. കരം പിരിവിലും, വില്ലേജ് ഓഫിസിലെത്തുന്നവരുടെ ആവശ്യങ്ങൾ ചെയ്‌ത്‌ നൽകുന്ന കാര്യത്തിലും എടുക്കുന്ന മികവാണ് അംഗീകാരം നേടിക്കൊടുത്തത്. 262 കുടുംബങ്ങളുടെ ഭൂമി തരംമാറ്റുന്നതിന് തീരുമാനം എടുക്കുകയും പ്രശ്‌നപരിഹാരം ഉണ്ടാക്കുകയും ചെയ്‌തു. ജോലി ചെയ്‌ത എല്ലാ വില്ലേജ് ഓഫിസുകളിലും ജനങ്ങളുടെ പ്രീതി നേടിയ വ്യക്തികൂടിയാണ് ഇദ്ദേഹം. ഈ അവാർഡ്, സർവീസിൽ നിന്ന് പിരിഞ്ഞാലും ജീവിതം മുന്നോട്ടുനയിക്കാൻ പ്രചോദനമാകുമെന്ന് ജോർജ് കുട്ടി പറഞ്ഞു. സെയിൽസ് ടാക്‌സ്‌ വകുപ്പിൽ ലാസ്‌റ്റ്‌ ഗ്രേഡ് ജീവനക്കാരനായാണ് അദ്ദേഹം സര്‍വീസ് ആരംഭിച്ചത്. ഇവിടെ രണ്ട് വർഷത്തെ സേവനത്തിന് ശേഷം റവന്യൂ വകുപ്പിൽ എൽഡി ക്ലാർക്കായി നിയമിതനായി. തുടർന്ന് പ്രമോഷൻ ലഭിച്ച് അയ്യപ്പൻകോവിൽ, കാഞ്ചിയാർ വില്ലേജ് ഓഫിസുകളിൽ സേവനം ചെയ്‌തു. കാഞ്ചിയാർ വില്ലേജ് ഓഫിസറായിരിക്കെയാണ് അവിടെ സ്‌മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം നിർമ്മിച്ചത്. 23 വർഷത്തെ സേവനത്തിന് ശേഷം മെയ് മാസത്തിൽ ജോര്‍ജ് കുട്ടി വിരമിക്കും. രഞ്ജിനിയാണ് ഭാര്യ. മറിയം, അലൻ, സ്‌റ്റീവ് എന്നിവരാണ് മക്കൾ. ഫെബ്രുവരി 24-ന് കണ്ണൂരിൽ നടന്ന ചടങ്ങിൽ അദ്ദേഹം മുഖ്യമന്ത്രിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.