മുന്നറിയിപ്പില്ലാതെ കെഎസ്ആർടിസി സർവീസുകൾ നിർത്തി ; ദുരിതത്തിലായി ഇടുക്കി ഗ്രാമീണ മേഖല - ksrtc services stopped idukki
🎬 Watch Now: Feature Video
Published : Jan 21, 2024, 2:16 PM IST
|Updated : Jan 21, 2024, 2:24 PM IST
ഇടുക്കി: ഗ്രാമീണ മേഖലയിലെ കെഎസ്ആർടിസി (KSRTC) സർവീസുകൾ മുന്നറിയിപ്പില്ലാതെ നിർത്തിയതുമൂലം യാത്രാ ദുരിതത്തിലായി നാട്ടുകാർ. കമ്പംമെട്ട് - വണ്ണപ്പുറം സംസ്ഥാനപാതയുടെ (Cumbummettu - Vannappuram) നിർമാണം നടക്കുന്നതിനാലാണ് സർവീസുകൾ നിർത്തിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇതോടെ ശാന്തിപുരം, കോമ്പമുക്ക്, രാമക്കൽമേട്, ഇടത്തറമുക്ക് മേഖലയിലെ ജനങ്ങളാണ് ദുരിതത്തിലായത്. മുമ്പ് ഈ മേഖലയിലൂടെ ഏഴ് കെഎസ്ആർടിസി ബസുകളും മറ്റ് സ്വകാര്യ ബസുകളും സർവീസ് നടത്തിയിരുന്നു. എന്നാൽ കമ്പംമെട്ട് വണ്ണപ്പുറം സംസ്ഥാനപാതയുടെ നിർമാണം ആരംഭിച്ചത് മുതൽ യാതൊരു മുന്നറിയിപ്പുമില്ലാതെ കെഎസ്ആർടിസി ബസുകൾ സർവീസ് നിർത്തുകയായിരുന്നു. കട്ടപ്പന, കുമളി, നെടുങ്കണ്ടം ഡിപ്പോകളിൽ നിന്നുള്ള സർവീസുകളാണ് നിർത്തലാക്കിയത്. അതേസമയം, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നതാണ് കെഎസ്ആർടിസിയുടെ നടപടി എന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. അടിയന്തരമായി സർവീസുകൾ പുനരാരംഭിക്കുവാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, തൂക്കുപാലം മുതൽ കമ്പംമെട്ട് വരെയുള്ള റോഡിന്‍റെ പണികൾ 80 ശതമാനവും പൂർത്തിയായിട്ടും മനപ്പൂർവം സർവീസ് നടത്താതെ കെഎസ്ആർടിസി ഉദ്യോഗസ്ഥർ സ്വകാര്യ ലോബിയുമായി ഒത്തുകളിയ്ക്കുകയാണെന്നും ആരോപണമുണ്ട്.